കോട്ടയം: സമുദ്രനിരപ്പിൽ നിന്നും 4000 അടി ഉയരമുള്ള വാഗമണ്ണിൽ ഇനി സമുദ്രമത്സ്യങ്ങളെ അടുത്തു കാണാം.
കേരള വനം വികസന കോർപറേഷന്റെ വാഗമണ്ണിലെ ഓർക്കിഡ് ഉദ്യാനത്തോടനുബന്ധിച്ചാണ് കോർപറേഷന്റെ ആഭിമുഖ്യത്തിൽ മറൈൻ അക്വേറിയം സ്ഥാപിക്കുന്നത്.
ഇതിന്റെ ഫീസിബിലിറ്റി ടെസ്റ്റ് നടപടികൾ ആരംഭിച്ചു. വർണമനോഹരവും അപൂർവവുമായ കടൽ മത്സ്യങ്ങളും പവിഴപ്പുറ്റുകളും കാണാനുള്ള അവസരമാണ് ഒരുക്കുന്നത്.
വനം വികസന കോർപറേഷന്റെ ആഭിമുഖ്യത്തിൽ വാഗമണ്‍- ഏലപ്പാറ റൂട്ടിൽ ഓർക്കിഡ് ഉദ്യാനം നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. ഇവിടെയെത്തുന്ന സഞ്ചാരികളെ ഓർക്കിഡ് ഉദ്യാനത്തിലേക്ക് ആകർഷിക്കാനാണ് കോർപറേഷന്റെ പദ്ധതി.
കൊല്ലത്തും കോഴിക്കോടും നിലവിൽ മറൈൻ അക്വേറിയം ഉണ്ടെങ്കിലും മലമുകളിൽ മറൈൻ അക്വേറിയം ആദ്യത്തേതാണ്. അക്വേറിയത്തിനൊപ്പം സിക്സ് ഡി മൾട്ടി ഡയമണ്ഷ്യൻ തിയറ്ററും കോർപറേഷൻ സ്ഥാപിക്കുന്നുണ്ട്.
സിക്സ് ഡി സിനിമകൾ അതിന്റെ തനിമ ഒട്ടും ചോരാത്ത രീതിയിൽ കാണാനും ആസ്വദിക്കാനുമായിട്ടാണ് തിയറ്റർ സ്ഥാപിക്കുന്നത്.
സ്ഫടിക ടാങ്കുകളിലൂടെ മത്സ്യങ്ങളെ വളരെ അടുത്ത് കാണാവുന്ന രീതിയിലാണ് അക്വേറിയം സ്ഥാപിക്കുന്നത്. ശുദ്ധജലമത്സ്യങ്ങളും അലങ്കാര മത്സ്യങ്ങളും അക്വേറിയത്തിലുണ്ടാകും.
ഇതുകൂടാതെ മറ്റു കടൽജീവജാലങ്ങളെയും അക്വേറിയത്തിൽ കാണാം. ആധുനിക ശാസ്ത്ര സാങ്കേതിവിദ്യ ഉപയോഗപ്പെടുത്തിയായിരിക്കും അക്വേറിയം പരിപാലിക്കുന്നത്.
ജന്തുലോകത്തിലെ വിസ്മയങ്ങളിലൊന്നായ കടലാമയും അക്വേറിയത്തിലുണ്ടാകും.
അക്വേറിയത്തിനൊപ്പം സമുദ്രജീവികളുടെ സ്പെസിമൻ സൂക്ഷിച്ചിട്ടുള്ള സമുദ്രജീവി മ്യൂസിയവും ഒരുക്കുന്നുണ്ട്. വിദ്യാർഥികൾക്കും ഗവേഷകർക്കും പഠിക്കുന്നതിനുള്ള അവസരവും ഇതിനൊപ്പമുണ്ടാകും.