വത്തിക്കാൻ സിറ്റി: ഗർഭച്ഛിദ്രത്തെ എതിർക്കാനും ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെ ജീവനെ സംരക്ഷിക്കാനും ബഹുമാനിക്കാനും ഉറച്ച പ്രതിബദ്ധത ആവശ്യപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ.
പുതുവർഷ ദിനത്തിൽ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന വിശുദ്ധ കുർബാനയ്ക്കുശേഷം ചത്വരത്തിൽ തടിച്ചുകൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വധശിക്ഷ ഒഴിവാക്കി മനുഷ്യന്റെ മാനസാന്തരത്തിനുള്ള അവസരങ്ങൾ കൂടുതലായി ഒരുക്കണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു.
നേരത്തെ വിശുദ്ധ കുർബാനമധ്യേ നൽകിയ വചനസന്ദേശത്തിൽ ഒരു സ്ത്രീയിൽനിന്നു ജനിക്കുന്ന ഓരോ കുഞ്ഞിനെയും പരിപാലിക്കാനും ജീവന്റെ വിലയേറിയ സമ്മാനം സംരക്ഷിക്കാനും എല്ലാവരും പഠിക്കണമെന്ന് പ്രാർഥിക്കുന്നതായി മാർപാപ്പ പറഞ്ഞു.
പുതുവർഷദിനത്തിൽ ത്രിസന്ധ്യാപ്രാർഥനയ്ക്കുശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യവേ ദരിദ്രരാജ്യങ്ങളുടെ കടങ്ങൾ എഴുതിത്തള്ളാൻ സന്പന്നരാജ്യങ്ങൾ തയാറാകണമെന്ന് മാർപാപ്പ അഭ്യർഥിച്ചു.
കടങ്ങൾ മൂലം കുടുംബമോ വ്യക്തികളോ തകർക്കപ്പെടാൻ ഇടവരരുത്. പാവപ്പെട്ട രാജ്യങ്ങളുടെ കടങ്ങൾ എഴുതിത്തള്ളി മാതൃക കാട്ടാൻ ക്രിസ്ത്യൻ പാരന്പര്യമുള്ള രാജ്യങ്ങൾ തയാറാകണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു.