കൊച്ചി: അബുദാബി സന്ദർശിക്കുന്ന ഫ്രാൻസീസ് മാർപാപ്പയ്ക്കു മുന്പിൽ സംഗീതവുമായി മലയാളി വിദ്യാർഥികൾ. എണ്ണൂറോളം ഭിന്നശേഷിക്കാരുമായുള്ള പാപ്പായുടെ കൂടിക്കാഴ്ച നടക്കുന്ന അബുദാബി സെന്റ് ജോസഫ്സ് കത്തീഡ്രലിലാണു നാലു മലയാളി വിദ്യാർഥികൾ ഇറ്റാലിയൻ ഭാഷയിൽ ഗാനമാലപിക്കുന്നത്.
അങ്കമാലിക്കടുത്തു കൈപ്പട്ടൂർ സ്വദേശി പടയാട്ടിൽ ജോജോയുടെയും ജിസ്മോളുടെയും മകൻ ജോസിൻ, ജോജോയുടെ സഹോദരൻ സെബാസ്റ്റ്യന്റെയും ജയയുടെയും മകൾ ലയ മറിയം, മുട്ടുചിറ സ്വദേശി എലിസബത്ത് അനിൽ ജോർജ്, മണ്ണാർക്കാട് സ്വദേശിനി ടീന ആൻ അലക്സാണ്ടർ എന്നിവരാണു ഗായകസംഘത്തിലെ മലയാളികൾ. ഇവരുൾപ്പെടെ ആറ് ഇന്ത്യക്കാരും ഏഴു വിദേശികളും പാപ്പായ്ക്കു മുന്പിൽ പാടും.
മുസഫ സണ്‍റൈസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ ജോസിൻ സെന്റ് ജോസഫ്സ് കത്തീഡ്രലിലെ അൾത്താര, ഗായക സംഘങ്ങളിൽ അംഗമാണ്. മറ്റുള്ളവർ അബുദാബി സെന്റ് ജോസഫ്സ് സ്കൂളിലെ എട്ടാം ക്ലാസിൽ പഠിക്കുന്നു. പരിശുദ്ധ കന്യകാമറിയത്തിന്റെ സ്തോത്രഗീതമാണ് ഇവർ ആലപിക്കുന്നത്. മൂന്നു മിനിറ്റാണു പാട്ടിന്റെ ദൈർഘ്യം. ഒരു മാസത്തെ പരിശീലനത്തിനുശേഷമാണ് ഇവരുടെ ആലാപനം.
ലോകം മുഴുവൻ ആദരിക്കുന്ന ഫ്രാൻസിസ്പാപ്പയെ കാണാനും അദ്ദേഹത്തിനു മുന്പിൽ ഗാനമാലപിക്കാനും അവസരം ലഭിച്ചത് വലിയ അനുഗ്രഹമായി കാണുന്നുവെന്നു ജോസിനും ലയ മറിയവും പറഞ്ഞു. ഇരുവരുടെയും കുടുംബങ്ങൾ 20 വർഷമായി അബുദാബിയിലാണു താമസം.
- സിജോ പൈനാടത്ത്