വത്തിക്കാൻ: ഉഗ്ര സ്ഫോടകശേഷിയുള്ള ബോംബിന്, ബോംബുകളുടെ മാതാവ് എന്ന് പേരു നൽകിയ യുഎസിനെ വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ. ആ വാർത്ത കേട്ടപ്പോൾ നാണക്കേട് തോന്നിയെന്ന് വത്തിക്കാനിൽ ഒരുകൂട്ടം വിദ്യാർഥികളുമായി സംവദിക്കവെ മാർപാപ്പ പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു.
അമ്മ(മദർ) ജീവനാണ് നൽകുന്നത്. ഇത്(ബോംബ്) ജീവനെടുക്കുന്നതും. എന്നിട്ടും ഇതിനെ വിളിക്കുന്നത് മാതാവെന്ന്! എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നില്ല- മാർപാപ്പ പറഞ്ഞു. ഈ മാസം 24ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താനിരിക്കവെയാണ് മാർപാപ്പയുടെ പരാമർശങ്ങൾ എന്നതും ശ്രദ്ധേയമാണ്.
മാസീവ് ഓർഡനൻസ് എയർ ബ്ലാസ്റ്റ് ബോംബ് എന്ന അമേരിക്കയുടെ ഏറ്റവും വലിയ ആണവേതര ബോംബ്, ബോംബുകളുടെ മാതാവ്(ദി മദർ ഓഫ് ഓൾ ബോംബ്സ്) എന്ന പേരിലാണ് അറിയപ്പെടുന്നത്. കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാനിലെ ഐഎസ് കേന്ദ്രങ്ങളിൽ ഈ ബോംബ് പ്രയോഗിച്ചിരുന്നു. ഒരു മൈൽ ചുറ്റളവിലും മീറ്ററുകളോളം ആഴത്തിലും നാശനഷ്ടങ്ങളുണ്ടാക്കാൻ ശക്തിയുള്ളതാണ് 10 ടണ്‍ ഭാരമുള്ള ഈ ബോംബ്. 2003ൽ ഈ ബോംബ് പരീക്ഷിച്ചിരുന്നെങ്കിലും ഇതേവരെ പ്രയോഗിച്ചിരുന്നില്ല.