വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ തലവനും കരുണയുടെയും സമാധാനത്തിന്റെയും ലോകനായകനുമായ ഫ്രാൻസിസ് മാർപാപ്പ (88)യുടെ വിയോഗദുഃഖത്തിൽ ലോകം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു പതിനായിരക്കണക്കിനു വിശ്വാസികൾ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നു. ഇന്ത്യൻ സമയം തിങ്കളാഴ്ച രാവിലെ 11.05 നാണ് മാർപാപ്പ കാലംചെയ്തത്.
മാർപാപ്പയുടെ ഭൗതികദേഹം ഇന്ന് സാന്താ മാർത്ത ചാപ്പലിൽ പൊതുദർശനത്തിനു വയ്ക്കും. നാളെ പൊതുജനങ്ങൾക്കായി സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുദർശനം. വത്തിക്കാനില്‍ ഇന്നു കര്‍ദിനാള്‍മാരുടെ യോഗം ചേർന്ന് സംസ്കാരം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കും. സംസ്കാരശേഷമാകും പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവ് ചേരുക. ഇന്നലെ വൈകുന്നേരം സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ മാർപാപ്പയ്ക്കായി നടത്തിയ ജപമാല പ്രാർഥനയിൽ ആയിരങ്ങൾ പങ്കെടുത്തു.
മാര്‍പാപ്പയുടെ നിര്യാണത്തില്‍ ലോകമെങ്ങും അനുശോചനപ്രവാഹമാണ്. വിവിധ രാജ്യങ്ങളിലെ ദേവാലയങ്ങളിൽ പ്രാർഥനയുമായി ലക്ഷക്കണക്കിനു വിശ്വാസികൾ ഒത്തുചേർന്നു. വിവിധ രാജ്യങ്ങളിൽനിന്നു കർദിനാൾമാർ റോമിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. മാര്‍പാപ്പയ്ക്ക് ആദരാഞ്ജലി അർപ്പിക്കാനായി വിവിധ രാജ്യങ്ങളുടെ തലവന്മാരും എത്തിത്തുടങ്ങി.
പക്ഷാഘാതവും ഹൃദയസ്തംഭനവുമാണു മാർപാപ്പയുടെ മരണകാരണമെന്നു വത്തിക്കാൻ അറിയിച്ചു. വത്തിക്കാൻ ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് ഡയറക്ടർ പ്രഫ. ആൻഡ്രിയ ആർക്കെഞ്ജെലിയാണ് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.മാർപാപ്പയുടെ മരണപത്രവും വത്തിക്കാൻ പുറത്തുവിട്ടു.
അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിലായിരിക്കണമെന്നു മാർപാപ്പ മരണപത്രത്തിൽ പറയുന്നു. ബസിലിക്കയിലെ പൗളിൻ ചാപ്പലിനും ഫോർസ ചാപ്പലിനും നടുവിലായിട്ടാകണം സംസ്കാരം നടത്തേണ്ടതെന്നും മരണപത്രത്തിലുണ്ട്. ക്രിസ്തു ശിഷ്യൻ പത്രോസിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സെന്റ് പീറ്റേഴ്സ് ബസിലിക്കയിലാണ് മുൻ മാർപാപ്പമാരിൽ ഭൂരിഭാഗം പേരും അന്ത്യവിശ്രമം കൊള്ളുന്നത്.
ശവകുടീരത്തിൽ ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്നു മാത്രം എഴുതിയാൽ മതിയെന്നും പ്രത്യേക അലങ്കാരങ്ങൾ പാടില്ലെന്നും മരണപത്രത്തിൽ കുറിച്ചിട്ടുണ്ട്.മാർപാപ്പയുടെ വിയോഗത്തെ തുടർന്ന് വത്തിക്കാന്റെ ഔദ്യോഗിക വെബ്സൈറ്റിന്റെ ഹോംപേജിൽ നിന്ന് ഫ്രാൻസിസ് മാർപാപ്പയുടെ പേരും ചിത്രവും മാറ്റി. ലാറ്റിൻ ഭാഷയിൽ സീറ്റ് ഒഴിഞ്ഞുകിടക്കുന്നു എന്ന് അർഥം വരുന്ന “അപ്പോസ്തോലിക്ക സെഡ്സ് വേക്കൻസ്’ എന്നാണ് ഇപ്പോൾ എഴുതിയിരിക്കുന്നത്.
ന്യുമോണിയ ബാധിതനായി 38 ദിവസം ആശുപത്രിയിൽ കഴിഞ്ഞ ഫ്രാൻസിസ് മാർപാപ്പ കഴിഞ്ഞ മാസം 23നാണ് വസതിയിലേക്ക് തിരികെയെത്തിയത്. ബെനഡിക് പതിനാറാൻ മാർപാപ്പ സ്ഥാനം ഒഴിഞ്ഞപ്പോഴാണ് 2013 മാർച്ച് 13ന് കത്തോലിക്കാ സഭയുടെ 266-ാമത് മാർപാപ്പയായി അദ്ദേഹം ചുമതല ഏറ്റത്. അന്ന് അദ്ദേഹത്തിന് എഴുപത്തിയാറു വയസായിരുന്നു. കത്തോലിക്ക സഭയെ നയിച്ച ആദ്യ ലാറ്റിനമേരിക്കക്കാരനായിരുന്നു അദ്ദേഹം. ഹോർഗേ മരിയോ ബര്‍ഗോളിയോ എന്നായിരുന്നു പേര്. മാർപാപ്പയായപ്പോൾ ഫ്രാൻസിസ് എന്ന പേര് സ്വീകരിച്ചു.
ഇറ്റാലിയന്‍ കുടിയേറ്റക്കാരുടെ മകനായി അര്‍ജന്റീനയിലെ ബുവേനോസ് ആരീസില്‍ 1936 ഡിസംബര്‍ 17നാണ് ഹൊർഹെ മരിയോ ബെര്‍ഗോളിയോ എന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ജനിച്ചത്. മരിയോ ബെര്‍ഗോളിയോയും റജീന സിവോരിയുമാണു മാതാപിതാക്കള്‍. 1969ല്‍ ഈശോസഭാംഗമായി വൈദികപട്ടം സ്വീകരിച്ചു. 1998 ഫെബ്രുവരി 28ന് ബുവേനോസ് ആരിസിന്റെ ആർച്ച്ബിഷപ്പായി. ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ 2001 ഫെബ്രുവരി 21ന് ആര്‍ച്ച്ബിഷപ് ഹൊർഹെ ബെര്‍ഗോളിയോയെ കര്‍ദിനാള്‍പദവിയിലേക്ക് ഉയര്‍ത്തി.
ലളിതജീവിതവും പതിതാനുകന്പയും സാമൂഹ്യനീതിയോടുള്ള പ്രതിബദ്ധതയും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖമുദ്രയായിരുന്നു. റഷ്യ-യുക്രെയ്ൻ യുദ്ധത്തിലും ഇസ്രയേൽ-ഹമാസ് യുദ്ധത്തിലും ധീര നിലപാടുകളുമായി ഇരകൾക്കൊപ്പം നിലകൊണ്ടയാളാണ് ഫ്രാൻസിസ് മാർപാപ്പ.
- ഇന്ത്യയിൽ മൂന്നു ദിവസംദുഃഖാചരണം
ന്യൂഡൽഹി: കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയോടുള്ള ആദരസൂചകമായി ഇന്ത്യ മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ആഭ്യന്തരമന്ത്രാലയം വാർത്താക്കുറിപ്പിലൂടെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. സർക്കാർ മന്ദിരങ്ങളിലെ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടുമെന്നും ഔദ്യോഗിക വിനോദ പരിപാടികൾ ഉണ്ടാകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഫ്രാൻസിസ് മാർപാപ്പയുടെ വേർപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. മാർപാപ്പയുടെ വിയോഗത്തിൽ അഗാധമായി ദുഃഖിക്കുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ കാരുണ്യത്തിന്റെയും വിനയത്തിന്റെയും ആത്മീയധൈര്യത്തിന്റെയും ദീപസ്തംഭമായി ഫ്രാൻസിസ് മാർപാപ്പയെ എപ്പോഴും ഓർമിക്കും. ഇന്ത്യയിലെ ജനങ്ങളോടുള്ള മാർപാപ്പയുടെ വാത്സല്യം എന്നും വിലമതിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ഇറ്റലിയിൽ നടന്ന ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മാർപാപ്പയെ കണ്ടിരുന്നു.