റോം: ഫ്രാൻസിസ് മാർപാപ്പയുടെ 43-ാമത് അപ്പസ്തോലിക പര്യടനം മംഗോളിയയിലേക്ക്. 1500 കത്തോലിക്കർ മാത്രമുള്ള മംഗോളിയയിൽ നാളെ രാവിലെ പത്തിന് എത്തിച്ചേരുന്ന മാർപാപ്പ സെപ്റ്റംബർ നാലിന് റോമിൽ തിരിച്ചെത്തും.
ഇന്നു വൈകുന്നേരം അദ്ദേഹം റോമിലെ ഫ്യുമിച്ചീനോ വിമാനത്താവളത്തിൽനിന്നു മംഗോളിയയിലേക്ക് പുറപ്പെടും. തലസ്ഥാനമായ ഉലാൻ ബത്തോറിലാണ് മാർപാപ്പ മൂന്നുദിവസവും താമസിക്കുക.
രണ്ടിന് സുഖ്ബാത്തർ ചത്വരത്തിൽ സ്വീകരണം, പ്രസിഡന്റ് ഉഖ്നാജിൻ ഖ്യുറേൽസ്യുക്കുമായുള്ള കൂടിക്കാഴ്ച, നയതന്ത്ര പ്രതിനിധികളോടും പൗരപ്രമുഖരോടുമുള്ള പ്രഭാഷണം, പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച, മെത്രാന്മാരും മിഷണറിമാരുമായുള്ള കൂടിക്കാഴ്ച എന്നിവ നടക്കും.
ഒരു മതാന്തര, എക്യുമെനിക്കൽ സൗഹൃദ സമ്മേളനവും സ്റ്റെപ്പെ അറീന സ്റ്റേഡിയത്തിലെ വിശുദ്ധകുർബാനയുമാണ് സെപ്റ്റംബർ മൂന്നിലെ പരിപാടികൾ. നാലിനു രാവിലെ മാർപാപ്പ ഒരു കാരുണ്യഭവനം ഉദ്ഘാടനം ചെയ്യുകയും പ്രവർത്തകരോടു സംവദിക്കുകയും ചെയ്യും.
‘ഒരുമിച്ചു പ്രത്യാശിക്കുക’ എന്നതാണ് പേപ്പൽ സന്ദർശനത്തിന്റെ ആപ്തവാക്യം. റഷ്യയും ചൈനയുമായി അതിർത്തി പങ്കിടുന്ന മംഗോളിയയിലെ 33 ലക്ഷം ജനങ്ങളിൽ ഭൂരിപക്ഷവും ബുദ്ധമതാനുയായികളാണ്. ചൈനയിൽനിന്ന് 1921ൽ സ്വാതന്ത്ര്യം നേടിയെങ്കിലും 1990 വരെ റഷ്യൻ സ്വാധീനത്തിലായിരുന്നു.
1991ൽ മംഗോളിയ ജനാധിപത്യ രാജ്യമായി. മതസ്വാതന്ത്ര്യം തിരിച്ചെത്തിയതോടെ 1992ൽ കത്തോലിക്കാ വൈദികരും മംഗോളിയയിലെത്തി. 2002ൽ സ്ഥാപിതമായ അപ്പസ്തോലിക് പ്രീഫെക്ച്ചറിന്റെ അധ്യക്ഷൻ ഇറ്റലിക്കാരനായ കർദിനാൾ ജോർജോ മരെംഗോ ആണ്.
ഏഴാം നൂറ്റാണ്ടു മുതൽ ക്രൈസ്തവ സാന്നിധ്യമുണ്ടായിരുന്ന രാജ്യമാണ് മംഗോളിയ. പൗരസ്ത്യ സുറിയാനി മിഷണറിമാരാണ് അവിടെ ക്രിസ്തുമതം എത്തിച്ചത്. 13-ാം നൂറ്റാണ്ടിൽ ഫ്രാൻസിസ്കൻ സന്യാസിമാരും എത്തി.
ഇപ്പോൾ മംഗോളിയയിലെ കത്തോലിക്കരിൽ അധികവും വിദേശീയരാണ്. റഷ്യ, ചൈന, ദക്ഷിണകൊറിയ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽനിന്ന് നൂറുകണക്കിനു കത്തോലിക്കർ മാർപാപ്പയെ സ്വീകരിക്കാൻ എത്തുമെന്നാണു പ്രതീക്ഷ.