കണ്ണൂർ: റോഡിൽ വിവാഹ ആഭാസങ്ങൾ നടത്തിയ വരനും സുഹൃത്തുക്കൾക്കും ഒടുവിൽ എട്ടിന്റെ പണി. കണ്ണൂർ-മട്ടന്നൂർ റൂട്ടിൽ ഗതാഗതക്കുരുക്കുണ്ടാക്കിയതിനും അന്യായമായി സംഘം ചേർന്നതിനും വരനുൾപ്പെടെ ഇരുപത്തഞ്ചോളം പേർക്കെതിരേയാണ് ചക്കരക്കല്ല് പോലീസ് കേസെടുത്തത്.
കണ്ണൂർ വാരത്താണു ഇന്നലെ നാടിനെ കുരുക്കിയ വിവാഹം നടന്നത് .വളപട്ടണം സ്വദേശിയായ വരൻ ഒട്ടകപ്പുറത്ത് വാരത്തുള്ള വധുവിന്റെ വീട്ടിലേക്ക് എത്തിയത്. മണിക്കൂറുകളോളം റോഡിൽ തടസം ഉണ്ടായപ്പോൾ യാത്രക്കാരുടെ പരാതിയെ തുടർന്ന് പോലീസ് എത്തിയാണ് ഗതാഗത തടസം ഒഴിവാക്കിയത്.
ഒട്ടകപ്പുറത്തുള്ള വരന്റെ വരവ് പിന്നെയും പ്രശ്നങ്ങൾ സൃഷ്ടിച്ചു. ഒട്ടകപ്പുറത്തുള്ള വരൻ താഴയിറങ്ങിയാൽ മാത്രമേ വധുവിന്റെ വീട്ടിലേക്ക് പ്രവേശിപ്പിക്കുവെന്ന് വധുവിന്റെ ബന്ധുക്കൾ പറഞ്ഞത് വരന്റെ സുഹൃത്തുക്കളും വധുവിന്റെ ബന്ധുക്കളും തമ്മിലുള്ള വാക്കേറ്റത്തിലും സംഘർഷത്തിലും കലാശിച്ചു.
ഇതിനിടയിൽ, വരന്റെ ആഘോഷ യാത്രയ്ക്കിടെ സുഹൃത്തുക്കൾ പടക്കം പൊട്ടിച്ചപ്പോൾ ചിലർക്ക് പരിക്കേൽക്കുകയും ചെയ്തു.ചക്കരക്കല്ല് പോലീസ് സംഭവസ്ഥലത്ത് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. എന്നാൽ, ആർക്കെതിരേയും കേസെടുത്തിട്ടില്ല.
നേരത്തെ കണ്ണൂരിലുണ്ടായ വിവാഹ ആഭാസങ്ങളിൽ ജീവൻ നഷ്ടപ്പെട്ട സംഭവങ്ങൾവരെ ഉണ്ടായിരുന്നു. ഇതിനെതിരേ ശക്തമായ നടപടികൾ ഉണ്ടായതോടെ വിവാഹ ആഭാസങ്ങൾക്ക് അറുതിയായിരുന്നു.ഇതിനിടയിലാണ് വാരത്ത് വീണ്ടും ഇത്തരം സംഭവമുണ്ടായത്.