കായംകുളം: വിവാഹ ആശംസയ്ക്കൊപ്പം ജൈവ കൃഷിയുടെ സന്ദേശവും. ജീവകാരുണ്യ പ്രവർത്തകനായ യുവാവിന്റെ വിവാഹ ആശംസ കാർഡിൽ മിഠായിക്ക് പകരം പച്ചക്കറി വിത്ത് നൽകിയാണ് സുഹൃത്തുക്കൾ മാതൃകയായത്. ജീവകാരുണ്യ സംഘടനയായ കായംകുളം ബ്ലഡ് ഡൊണേഷൻ സെൽ ചെയർമാനും പത്തനാപുരം ഗാന്ധിഭവന്റെ ഹരിപ്പാട് കേന്ദ്രമായുള്ള സ്നേഹവീടിന്റെ ഡയറക്ടറുമായ മുഹമ്മദ് ഷമീറിന്റെ വിവാഹ ആശംസ കാർഡിലാണ് ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് വിവാഹത്തിൽ പങ്കെടുത്ത എല്ലാവർക്കും ആശംസ കാർഡിനൊപ്പം പച്ചക്കറി വിത്ത് വിതരണം ചെയ്തത്.
കായംകുളം ബ്ലഡ് ഡൊണേഷൻ സെൽ പ്രവർത്തകരാണ് കാർഡുകളിൽ പച്ചക്കറി വിത്ത് വിതരണം ചെയ്തത്. നവ ദന്പതികളുടെ ഫോട്ടോ ഉൾപ്പെടുത്തിയ കാർഡിനൊപ്പം പ്രത്യേകമായി കവറിൽ പായ്ക്ക് ചെയ്താണ് വിത്തുകൾ നൽകിയത്. വെണ്ടയ്ക്ക, ചീര, വഴുതനങ്ങ, മുളക് എന്നിവയുടെ വിത്തുകൾ പായ്ക്കറ്റിൽ അടങ്ങിയിരുന്നു. വിവാഹത്തിൽ പങ്കെടുത്തവർക്ക് ഇത് കൗതുകമായി.
സാധാരണ മിഠായിയും മധുരപലഹാരങ്ങളുമാണ് ഇത്തരത്തിൽ നൽകാറുള്ളത്. ഇന്നലെ കൊല്ലകടവിൽ ആയിരുന്നു മുഹമ്മദ് ഷെമീറിന്റെ വിവാഹം. പത്തനാപുരം ഗാന്ധിഭവൻ ഡയറക്ടർ പുനലൂർ സോമരാജൻ, എംഎൽഎ മാരായ ആർ. രാജേഷ്, യു. പ്രതിഭ, സിപിഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, ജില്ല പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോണ് തോമസ്, സാമൂഹ്യ പ്രവർത്തക സോണിയ മൽഹാർ തുടങ്ങിയവർ വിവാഹത്തിൽ പങ്കെടുത്തു.