തമിഴ്നാട്ടില്‍ നിന്നാണ് ഈ വാര്‍ത്ത. എയ്ഡ്സ് രോഗിയാണെന്ന കാര്യം വെളിപ്പെടുത്താതെ വിവാഹം കഴിക്കാനൊരുങ്ങിയ യുവാവില്‍നിന്ന് വധു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സിനിമക്കഥകളെ വെല്ലുന്ന ഈ സംഭവം തിരുവണ്ണാമലൈയില്നിന്നാണ്. യുവതിയെ രക്ഷപ്പെടുത്തിയത് ഒരു ഫ്ളെക്സ് ബോര്‍ഡും. ദേശീയമാധ്യമങ്ങളടക്കം ഈ വാര്‍ത്ത വലിയ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
എല്ലാം തുടങ്ങുന്നത് ഒരു ഫ്ളക്സ് ബോര്‍ഡില്‍നിന്നാണ്. വിവാഹം ആഘോഷമാക്കുന്നതിന് വരന്റെ സുഹൃത്തുക്കള്‍ ഫ്ളക്സ് ബോര്‍ഡുവച്ചു. ഇതുകണ്ട അജ്ഞാതനായ വ്യക്തി വരന് എയ്ഡ്സ് ഉണ്ടെന്ന കാര്യം ജില്ലാ കളക്ടറെ വിളിച്ചറിയിച്ചു. അദ്ദേഹം ഉടന്‍ തന്നെ എസ്പി. ആര്.പൊന്നിയെ വിവരമറിയിച്ചു. ആരോഗ്യവകുപ്പ് ജോയന്റ് ഡയറക്ടറെയും വിളിച്ചു. സര്‍ക്കാര്‍ ആശുപത്രിയിലെ രേഖകള്‍ പരിശോധിച്ച അധികൃതര്‍ ഇയാള്‍ക്ക് എച്ച്ഐവിയുണ്ടെന്ന് കണ്ടെത്തി. ചികിത്സ തേടിയ കാര്യവും സ്ഥിരീകരിച്ചു. വിവരം തിരക്കാന്‍ യുവാവിനെ വിളിച്ചെങ്കിലും ഇയാള്‍ മുങ്ങി.
പെണ്‍കുട്ടിയുടെ വീട്ടുകാരെ വിവരമറിയിക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. എന്നാല്‍ തന്ത്രപൂര്‍വ്വമായിരുന്നു യുവാവിന്റെ നീക്കം. തന്റെ കല്യാണം മുടക്കാന്‍ എതിരാളികള്‍ ശ്രമിച്ചേക്കുമെന്ന് ഇയാള്‍ പെണ്‍കുട്ടിയെയും വീട്ടുകാരെയും പറഞ്ഞുവിശ്വസിപ്പിച്ചിരുന്നു. തന്നെക്കുറിച്ച് വരുന്ന വാര്‍ത്തകള്‍ വിശ്വസിക്കരുതെന്ന വരന്റെ വാക്കുകളോര്‍ത്ത പെണ്‍കുട്ടിയും വീട്ടുകാരും അധികൃതര്‍ പറഞ്ഞ കാര്യം വിശ്വസിച്ചില്ല. ഫോണില്‍ പറഞ്ഞ കാര്യം വധുവും വീട്ടുകാരും വിശ്വസിക്കാതിരുന്നതോടെ അധികൃതര്‍ വിവാഹവേദിയിലേക്ക് നേരിട്ടു ചെല്ലാന്‍ തീരുമാനിച്ചു. മെഡിക്കല്‍ ഓഫീസര്‍ ശെന്തില്‍ കുമാറും ചെങ്കം ഡിഎസ്പിയും തഹസില്‍ദാരും വിവാഹ വേദിയിലെത്തി വധുവിനെയും വീട്ടുകാരെയും രേഖകള്‍ കാട്ടി കാര്യം ബോധ്യപ്പെടുത്തി. ഇതോടെ വിവാഹത്തില്‍നിന്ന് പിന്മാറാന് വധു തീരുമാനിച്ചു. ബന്ധത്തിലുള്ള യുവാവുമായി പെണ്‍കുട്ടിയുടെ കല്യാണം അന്നുതന്നെ നടത്തുകയും ചെയ്തു.