കൊല്ലം: വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാതെ പക്വതയില്ലാത്ത പ്രായത്തില്‍ വിവാഹം കഴിക്കുന്നത് സ്ത്രീകളുടെ മനസികാരോഗ്യത്തെ ബാധിക്കുന്നുവെന്ന് വനിതാകമ്മീഷന്. ആശ്രാമം ഗസ്റ്റ്ഹൗസില്‍ നടന്ന സിറ്റിംഗില്‍ ആയിരുന്നു കമ്മീഷന്റെ പരാമര്‍ശം.
സ്വയം പര്യാപ്തത നേടാതെ വിവാഹത്തിലേക്ക് പോകുകയും പിന്നീട് ദാമ്പത്യ ബന്ധത്തില്‍ താളപ്പിഴകള്‍ ഉണ്ടാകുമ്പോള്‍ സ്ത്രീകള്‍ വിഷാദരോഗം ഉള്‍പ്പടെയുള്ള മാനസിക പ്രശ്നങ്ങളിലേക്ക് പോകുന്ന നിരവധി കേസുകളാണ് മുന്നില്‍ വരുന്നതെന്ന് അദാലത്തിന് നേതൃത്വം നല്കിയ കമ്മീഷന് അംഗം ഷിജി ശിവജി പറഞ്ഞു.
വിദ്യാഭ്യാസവും തൊഴിലും ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളാണെന്ന് പെണ്‍കുട്ടികളും രക്ഷിതാക്കളും തിരിച്ചറിയണം. മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം ദാമ്പത്യബന്ധത്തെ ബാധിക്കുന്നതായും കമ്മീഷന് പറഞ്ഞു.
125 കേസുകളാണ് സിറ്റിംഗില്‍ പരിഗണിച്ചത്. 40 എണ്ണം തീര്‍പ്പാക്കി. മൂന്ന് എണ്ണത്തില്‍ റിപ്പോര്‍ട്ട് തേടാനും 82 എണ്ണം അടുത്ത അദാലത്തില്‍ പരിഗണിക്കാനും തീരുമാനിച്ചു.