കല്യാണവീടുകളില്‍ ആഭാസത്തരം കാണിക്കുന്ന സംഘങ്ങള്‍ കേരളത്തിലുടനീളം സജീവമാകുന്നു. ചെറിയ തമാശയ്ക്കുവേണ്ടി ചെയ്യുന്ന ഇത്തരം സംഭവങ്ങള്‍ പലയിടത്തും സംഘര്‍ഷത്തിലെത്തുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞദിവസം കാസര്‍ഗോഡ് വരന്റെ കൂട്ടുകാര്‍ മണിയറയില്‍ നടത്തിയ അഴിഞ്ഞാട്ടത്തില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.
കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. കാസര്‍ഗോഡ് നഗരത്തില്‍ താമസിക്കുന്ന യുവാവിന്റെ കല്യാണംകഴിഞ്ഞ രാത്രി വീട്ടിലെത്തിയ വരന്റെ കൂട്ടുകാര്‍ മണിയറയില്‍ കയറി പ്രശ്‌നങ്ങള്‍ കാണിക്കുകയായിരുന്നു. കൂട്ടുകാരനെ കളിയാക്കുകയെന്നതായിരുന്നു ലക്ഷ്യമെങ്കിലും വധുവിന്റെ ബന്ധുക്കള്‍ പ്രതിഷേധവുമായെത്തിയതോടെ സ്ഥിതിമാറി. മണിയറയില്‍ ഇരുകൂട്ടരും തമ്മില്‍ വാഗ്വദം തുടങ്ങിയതോടെ വരനെയും വധുവിനെയും ബന്ധുക്കള്‍ മറ്റൊരു മുറിയിലേക്കു മാറ്റി. ഇതിനിടെ വധുവിന്റെ പ്രായമായ ബന്ധു കുഴഞ്ഞുവീണു. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കാതിരുന്നതിനാല്‍ സംഭവം പുറംലോകം അറിഞ്ഞില്ല.
വരനെയും വധുവിനെയും വിവാഹരാത്രിയില്‍ ശല്യപ്പെടുത്തുന്നരീതി അടുത്തിടെ പലയിടത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കൂട്ടുകാരാണ് പലപ്പോഴും ഇതിനു പിന്നില്‍. കഴിഞ്ഞദിവസമാണ് നഗരത്തിലൂടെ അസമയത്ത് അമിതവേഗത്തില്‍ പോയ വാഹനം പോലീസ് പിടിച്ചെടുത്തത്. വിവാഹരാത്രിയില്‍ ആഘോഷിക്കാന്‍ വരന്‍ പണംനല്കാത്തതിനാല്‍ കൂട്ടുകാര്‍ വരനെയുംകൊണ്ട് ഉൗരുചുറ്റിയതായിരുന്നു അത്.