ചാലക്കുടി: മാതാപിതാക്കൾ മരണമടഞ്ഞ നിർധന യുവതിയുടെ വിവാഹം വാർഡ് വികസന സമിതി ഏറ്റെടുത്ത് നടത്തി.
നഗരസഭ 25-ാം വാർഡ് വികസന സമിതിയാണ് മാതൃകയായത്. മാതാവും പിതാവും മരിച്ചുപോയതിനെ തുടർന്ന് അനാഥരായ അഞ്ച് പെണ്മക്കളിൽ നാലാമത്തെ യുവതിയുടെ വിവാഹമാണ് വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ നടത്തിയത്.
മാതാപിതാക്കൾ ജീവിച്ചിരിക്കെ മൂന്നു പെണ്‍കുട്ടികളുടെ വിവാഹം നടന്നിരുന്നു. ഇതിനുവേണ്ടി സ്വന്തം വീട് വില്‍ക്കേണ്ടിവന്നു. ഇതോടെ വാടകവീട്ടിലായിരുന്നു താമസം. ചാലക്കുടിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന യുവതിയുടെ തുഛമായ വരുമാനമാണ് കുടുംബത്തിന്റെ ആശ്രയം. ഇതിൽനിന്നും വീട്ടുവാടക കൊടുക്കണും ചെലവും കഴിയണം.
കാലടി സ്വദേശിയായ യുവാവിന്റെ ബന്ധുക്കൾ വിവാഹാലോചനയുമായി എത്തിയപ്പോൾ നിസഹായയായ യുവതിക്ക് മറുപടിപോലും പറയാൻ കഴിഞ്ഞില്ല. ബന്ധുക്കൾ ആരും ഇല്ലാത്ത യുവതി വാർഡ് കൗണ്‍സിലർ ലൈജി തോമസിനെ വിവരങ്ങൾ ധരിപ്പിച്ചു.
യുവതിയുടെ ദയനീയാവസ്ഥ മനസിലാക്കിയ കൗണ്‍സിലർ ലൈജി തോമസ് വിവാഹം നടത്തികൊടുക്കാമെന്ന് ഉറപ്പുനല്‍കി. തുടർന്ന് വാർഡ് വികസനസമിതി ചേർന്നപ്പോൾ എല്ലാവരും സഹായവാഗ്ദാനവും നൽകി. വിഷു-ഈസ്റ്റർ ആഘോഷങ്ങൾ മാറ്റിവച്ച് നാട്ടുകാർ സഹായഹസ്തവുമായി രംഗത്തെത്തിയതോടെ വധുവിനെ അണിയിച്ചൊരുക്കുവാനുള്ള വിവാഹവസ്ത്രങ്ങളും ആഭരണങ്ങളും റെഡി.
നാട്ടുകാരുടെ വക വിവാഹസദ്യയും ഒരുക്കി. പടിഞ്ഞാറെ ചാലക്കുടി പിഷാരിക്കൽ ക്ഷേത്രത്തിൽവച്ച് വിവാഹവും നടത്തി. നാട്ടുകാർ തന്നെ തയാറാക്കിയ വാഹനത്തിൽ വധുവിനെ വരന്റെ ഗൃഹത്തിലേക്ക് യാത്രയാക്കി.