ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണ് അവരുടെ വിവാഹ ദിവസം. ആ ദിവസം ഏറ്റവും സുന്ദരനും സുന്ദരിയുമായി ഒരുങ്ങി നിൽക്കാനാകുമല്ലോ എല്ലാവരുടെയും മോഹം.
അതിനായി എത്ര പണം മുടക്കാനും പലർക്കും മടിയില്ല. വിവാഹ ദിവസങ്ങളിൽ വരനെയും വധുവിനെയും ആനപ്പുറത്തും ഓട്ടോറിക്ഷയിലും ഉന്തുവണ്ടിയിലുമെല്ലാം കയറ്റുന്നതുമെല്ലാം പലേടത്തും നടക്കാറുണ്ട്.
വിവാഹവേദിയിൽ മുട്ട എറിയുന്നതും സ്നോ സ്പ്രേ പ്രയോഗവും നടത്തുന്ന തുമെല്ലാം ഇപ്പോൾ ആഘോഷങ്ങളുടെ ഭാഗമായി മാറിക്കഴിഞ്ഞു. വിവാഹത്തിനു മുന്പുള്ള ആഘോഷങ്ങളും ഇതുപോലെ പല ആചാരങ്ങൾക്കൊണ്ടും സന്പന്നമാണ് പലേടത്തും.
പലപ്പോഴും ഇത്തരം ആഘോഷങ്ങൾ അതിരുവിട്ടു പലർക്കും അപകടം പറ്റിയ വാർത്തകളും നമ്മൾ കേട്ടിട്ടുണ്ട്. ആഘോഷം കണ്ണീരിൽ കലാശിക്കുന്ന നിരവധി സംഭവങ്ങളാണ് അരങ്ങേറുന്നത്.
ഇതു വിചിത്രം
വടക്കു കിഴക്കൻ സ്കോട്ട്ലൻഡിലും ഐർലൻഡിന്റെ ചില ഭാഗങ്ങളിലും കല്യാണത്തോടനുബന്ധിച്ചു വളരെ വിചിത്രമായ ഒരു ആചാരം നടക്കാറുണ്ട്.
ഇതൊരു പ്രീ വെഡിംഗ് ആചാരമാണ് ബ്ലാക്കെനിംഗ്. വിവാഹത്തിനു മുൻപായി നടക്കുന്ന ചടങ്ങിന്റെ ഭാഗമായി വരനെയും വധുവിനെയും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്നു തട്ടിക്കൊണ്ടുപോകും. ഇതു വിവാഹത്തിനു തൊട്ടു മുൻപുള്ള ദിവസങ്ങളിലോ ആഴ്ചകളിലോ ആകും.
വരനെയും വധുവിനെയും തട്ടിക്കൊണ്ടുപോകുന്നതു സർപ്രൈസ് കൊടുക്കാനൊന്നുമല്ല. മറിച്ചു പുളിച്ച മോരിലും ചീഞ്ഞ മുട്ടയിലും ചെളിയിലും അഴുകിയ പച്ചക്കറിയിലും പഴങ്ങളിലുമെല്ലാം മുക്കാനാണ്. ഇതു ഇവരോടുള്ള കലിപ്പു തീർക്കാനല്ല കേട്ടോ.
മറിച്ച് ഈ ആചാരം അനുഷ്ഠിക്കുന്നതിലൂടെ നവദന്പതികളുടെ ജീവിതത്തിലേക്ക് ഐശ്വര്യം കടന്നു വരുമെന്ന വിശ്വാസത്തിലാണ്! ഇങ്ങനെ ചെളിയിൽ കുളിപ്പിച്ചതുകൊണ്ടും കാര്യങ്ങൾ അവസാനിക്കില്ല. ചടങ്ങു കഴിഞ്ഞാൽ ഇരുവരുമായി അതേ വേഷത്തിൽ തുറന്ന വാഹനത്തിൽ നഗര പ്രദക്ഷിണം നടത്തും.
എങ്ങനെയും കുളമാക്കുക!
ബ്ലാക്കെനിംഗിനു പ്രത്യേക രീതികളൊന്നുമില്ല. എങ്ങനെയും വധൂവരന്മാരെ കുളമാക്കണം എന്നതു മാത്രമാണ് ബ്ലാക്കനിംഗിന്റെ ഉദ്ദേശ്യം. പത്തൊൻപതാം നൂറ്റാണ്ടു മുതൽ പ്രചാരത്തിലുള്ള ചടങ്ങാണ് ബ്ലാക്കനിംഗ് എന്നു പറയപ്പെടുന്നു.
വിവാഹത്തിനായി മണവാട്ടിയെ ഒരുക്കുന്ന കാൽ കഴുകൽ എന്ന ചടങ്ങിൽനിന്നാണ് ബ്ലാക്കനിംഗ് ഉരുത്തിരിഞ്ഞു വന്നതെന്നു യൂണിവേഴ്സിറ്റി ഓഫ് അബർഡീൻസ് എൽഫിൻസ്റ്റോൺ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ ഷെയ്ല യംഗ് പറയുന്നു.
1980 വരെ കാലു കഴുകൽ എന്ന് അർഥം വരുന്ന ഫീറ്റ് വാഷിംഗ് എന്നായിരുന്നു പേര്. ചടങ്ങിന്റെ ഭാഗമായി ചിമ്മിനിയിൽനിന്നുള്ള കരി വധുവിന്റെ ശരീരത്തിൽ പുരട്ടിയിരുന്നു. അതാകാം ബ്ലാക്കനിംഗ് എന്ന പേരിലേക്കു നയിച്ചതെന്നും ഷെയ്ല പറയുന്നു.
കാലം മാറിയതോടെ വധൂവരൻമാരെ ശുദ്ധീകരിക്കാനായി അനുഷ്ഠിച്ചിരുന്ന ചടങ്ങിന്റെ സ്വഭാവവും മാറിത്തുടങ്ങി. ചിമ്മിനിയിലെ കരിയും മറ്റും വിട്ട് ആളെ കൈയിൽ കിട്ടുന്ന എന്തും ഉപയോഗിച്ചു കുളിപ്പിക്കുന്ന രീതിയിലേക്കായി കാര്യങ്ങൾ.
ഇതോടെ വധൂവരന്മാർക്കു പലർക്കും ഇതിൽ പങ്കെടുക്കാനും വൈമനസ്യമായി തുടങ്ങി. പലരും ഈ ചടങ്ങിനു പിടികൊടുക്കാതെ മുങ്ങാൻ ശ്രമം തുടങ്ങി. ഇതോടെയാണ് തട്ടിക്കൊണ്ടുപോകൽ ചടങ്ങ് ഇപ്പോൾ കുപ്രസിദ്ധമായിരിക്കുന്നത്.
ഇപ്പോൾ സുഹൃത്തുക്കളും മറ്റും മലിന വസ്തുക്കളാണ് ചടങ്ങിൽ വധൂവരന്മാരുടെ മേൽ പ്രയോഗിക്കുന്നത്. ഇതു പലതരത്തിലുള്ള രോഗങ്ങൾക്കു ഇടയാക്കിയേക്കാം- ഷെയ്ല മുന്നറിയിപ്പ് നൽകുന്നു.
തയാറാക്കിയത്: അനാമിക