ടെസ്റ്റും ഏകദിനവും പോലെ നടന്നിരുന്ന കല്യാണ ചടങ്ങുകൾ പോലും നമ്മുടെ നാട്ടിൽ ഇപ്പോൾ ട്വന്റി -ട്വന്റി സ്റ്റൈലിൽ ആയിരിക്കുന്നു. ആലോചനയും പെണ്ണുകാണലും വിരുന്നും പോക്കുവരുവുമൊക്കെയായി ആഴ്ചകളും മാസങ്ങളുമൊക്കെ ഇടവേളയുണ്ടായിരുന്ന കല്യാണങ്ങളാണ് ഇപ്പോൾ മിന്നൽ കല്യാണങ്ങളായി മാറിയിരിക്കുന്നത്.
കോവിഡ് വന്നതോടെ ഇതിനു സ്പീഡ് വീണ്ടും കൂടിയ ലക്ഷണമാണ് കാണുന്നത്. തലേ ആഴ്ചവന്നു പെണ്ണു കണ്ടു, പിറ്റേ ആഴ്ച കല്യാണം എന്ന മട്ടിലായിട്ടുണ്ട് പലപ്പോഴും കാര്യങ്ങൾ. പ്രത്യേകിച്ചു വിദേശ ജോലിക്കാരുടെ കാര്യത്തിൽ.എന്നാൽ, എൻഡെബെൽ ഗോത്രക്കാരുടെ കല്യാണ വിശേഷം കേട്ടാൽ ഈ മിന്നൽ കല്യാണങ്ങളുടെ കാലത്തു നമ്മൾ തലയിൽ കൈവച്ചുപോകും. ആഴ്ചകളും മാസങ്ങളുമൊന്നുമല്ല വർഷങ്ങളെടുത്താണ് ഇക്കൂട്ടരുടെ കല്യാണച്ചടങ്ങുകൾ പൂർത്തിയാക്കുന്നത്.
കല്യാണം കഴിച്ചില്ലെങ്കിൽ
മൂന്നു ഘട്ടങ്ങളാണ് എൻഡെബെൽ ഗോത്രക്കാരുടെ വിവാഹത്തിനുള്ളത്! മൂന്നു ഘട്ടങ്ങളിലായി നീണ്ടുനിൽക്കുന്ന വിവാഹ ചടങ്ങുകൾ പരിസമാപ്തിയിലെത്തുന്പോൾ വർഷങ്ങൾ പിന്നിടുമെന്നതാണ് ഇവരുടെ വിവാഹത്തെ മറ്റു വിവാഹങ്ങളിൽനിന്നു വ്യത്യസ്തമാക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ വലിയ പ്രിട്ടോറിയ പ്രദേശത്ത് താമസിക്കുന്ന എൽഗുനി ഗോത്രക്കാരുടെ ഭാഗമാണ് എൻഡെബെലെ ജനത.
മറ്റെല്ലാ ആഫ്രിക്കൻ സംസ്കാരങ്ങളെയും പോലെ, വേറിട്ടുനിൽക്കുന്ന തനതായ സംസ്കാര രീതി ഇവർക്കുമുണ്ട്. എൻഡെബെല വിഭാഗക്കാരുടെ ഇടയിൽ വിവാഹം കഴിക്കാതെ വല്ലവരും നടന്നാൽ അവരുടെ കാര്യം തീർന്നെന്നു വിചാരിച്ചാൽ മതി. കാരണം സമൂഹം അവർക്കു യാതൊരുവിലയും നൽകില്ല.
അവിവാഹിതയായ സ്ത്രീയെ കണ്ടാൽ പറയുകയും വേണ്ട. തങ്ങളുടെ ഗോത്രത്തിന് ഒരു അപവാദമായിട്ടേ അവർ അത്തരക്കാരെ കാണൂ. അതിനാൽ ഈ ഗോത്രത്തിലെ മിക്ക സ്ത്രീകളും സാമൂഹിക സമ്മർദം മൂലം എത്രയും നേരത്തെ വിവാഹത്തിലേക്കു നയിക്കപ്പെടുന്നു. ഇഷ്ടമില്ലാത്ത വിവാഹങ്ങൾക്കു പോലും വഴങ്ങിക്കൊടുക്കേണ്ട സ്ഥിതിയും ഇതുമൂലം സ്ത്രീകൾക്ക് ഉണ്ടാകാം.
സ്ത്രീകൾ പറഞ്ഞാൽ
രണ്ടുപേർ പ്രണയത്തിലാവുകയും പരസ്പരം അംഗീകരിക്കുകയും ചെയ്താൽ, അവർ കുടുംബത്തെ അറിയിക്കുകയും വിവാഹത്തിലൂടെ അവരുടെ പ്രണയം ഉറപ്പിക്കുകയും ചെയ്യുന്നു.ഈ ഗോത്രത്തിലെ സ്ത്രീകൾക്കു പുരുഷനോടു പ്രണയം തുറന്നുപറയാൻ വിലക്കുണ്ട്.
ഇതിനായി സ്ത്രീകൾ ചെയ്യുന്ന കുറുക്കുവഴി, തങ്ങളുടെ സുഹൃത്തുക്കൾ വഴി പ്രണയം തോന്നിയ പുരുഷനെ പ്രണയം അറിയിച്ചു പുരുഷനെക്കൊണ്ട് മുൻകൈ എടുപ്പിച്ചു വിവാഹത്തിലേക്ക് എത്തിക്കുക എന്നതാണ്. ഇഷ്ടപ്പെട്ട പുരുഷൻ ‘നോ’ പറഞ്ഞാൽ അതവിടെ കഴിഞ്ഞു. അവൾ പിന്നെ തന്നോടു താല്പര്യം പ്രകടിപ്പിച്ചെത്തുന്ന ഏതെങ്കിലും പുരുഷനോടൊപ്പം ജീവിക്കേണ്ടിവരും.
തീരാത്ത കല്യാണം
മൂന്നു ഘട്ടങ്ങളായാണ് ഒരു കല്യാണം ആഘോഷിക്കുന്നത്. അത് പൂർത്തിയാക്കാൻ വർഷങ്ങളെടുക്കും.ആദ്യഘട്ടം ലബോള (വധുവിന്റെ വില) എന്നറിയപ്പെടുന്നു. വിവാഹ ചർച്ചകൾക്കായി തീയതി അഭ്യർഥിച്ചു വരൻ വധുവിന്റെ വീട്ടിലേക്കു കത്ത് അയയ്ക്കും.
പിന്നീടു വരനും കുടുംബക്കാരും വധുവിന്റെ വീട്ടിലേക്കു വിവാഹ ആലോചനയുമായി പോകും. തുടർന്നു വരൻ പെൺകുട്ടിയുടെ കുടുംബത്തിനായി ഒരു ആടും കുറച്ചു പുതപ്പുകളും ചൂലും കുറച്ചു വസ്ത്രങ്ങളും വാങ്ങണം. വരന്റെ മാതാപിതാക്കൾ വധുവിന്റെ മാതാപിതാക്കളെ സന്ദർശിച്ചു ലബോളയ്ക്കു പണം നൽകും. അതിനു ശേഷം അവർ പെൺകുട്ടിയെ പുരുഷന്റെ കുടുംബത്തിലേക്ക് കൊണ്ടുപോകും.
തിരിച്ചുപോക്ക്
ഇങ്ങനെ കൂട്ടിക്കൊണ്ടുവന്ന് ഇവർ ജീവിച്ചുതുടങ്ങിയ ശേഷം രണ്ടാഴ്ചത്തേക്കു വേർപിരിക്കും. ഇതാണ് രണ്ടാം ഘട്ടം. കൗൺസലിംഗിനാണ് ഈ വേർപിരിക്കൽ എന്നുപറയാം. വിവാഹിതരായ മറ്റു സ്ത്രീകൾ ഈ സമയം വധുവിനെ ഉപദേശിക്കും. എങ്ങനെ ഒരു നല്ല സ്ത്രീയാകാം, ഭാര്യയാവാം, വീട്ടമ്മയാവാം, അമ്മയാവാം എന്നൊക്കെയുള്ള പരിശീലനങ്ങളാണ് ഇക്കാലത്തു വധുവിനു ലഭിക്കുക.
മൂന്നാമത്തേതും അവസാനത്തേതുമായ ഘട്ടം അവൾ ആദ്യത്തെ കുഞ്ഞിനെ പ്രസവിക്കണമെന്നതാണ്. ഒരു കുഞ്ഞ് ജനിക്കുന്നതോടെ വധുവിന്റെയും വരന്റെ കല്യാണം പൂർത്തിയായതായി കണക്കാക്കുന്നു.
വിവാഹദിനത്തിലും
വിവാഹദിനത്തിന്റെ തയാറെടുപ്പിനായി, അതിഥിയുടെ ഒരു പട്ടിക തയാറാക്കും. ക്ഷണക്കത്തുകൾ അയയ്ക്കും. പരമ്പരാഗത ചോളം, മാംസം, സലാഡുകൾ, പഴം, മധുരപലഹാരങ്ങൾ, ദോശ എന്നിവയൊക്കെ ഉൾപ്പെടുത്തി നിർമിച്ച ‘മൈലി പാപ്പ്’ എന്ന പരമ്പരാഗത ഭക്ഷണം വിളന്പും.
വിവാഹച്ചടങ്ങിൽ വിവാഹിതരായ എല്ലാ സ്ത്രീകളും പ്രത്യേക വസ്ത്രം ധരിക്കുന്നു. ഈ വസ്ത്രങ്ങൾ മാതൃത്വത്തെ സൂപിച്ചിപ്പിക്കുന്നു. വിവാഹദിനത്തിൽ വരനും വധുവും പരസ്പരം വിരലുകളിൽ മോതിരങ്ങൾ അണിയിക്കും. ചടങ്ങുകൾക്കു സാക്ഷ്യം വഹിക്കാൻ ഒരു നിശ്ചിത സ്ഥലത്തു ക്ഷണിക്കപ്പെട്ടവർ ഒത്തുകൂടും.
മതപരമായ ചടങ്ങിനുശേഷം ദമ്പതികൾ പരമ്പരാഗത വസ്ത്രങ്ങൾ ധരിക്കും. അതിഥികളോടൊപ്പം വരൻ വധുവിന്റെ വീട്ടിലെത്തി ഭക്ഷണം കഴിക്കും. തുടർന്നു നവദമ്പതികൾക്കു സമ്മാനങ്ങൾ നൽകും.ചടങ്ങിനുശേഷം കുടുംബത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷൻ മാതാപിതാക്കളോടും മുത്തശ്ശിമാരോടും ഒപ്പം ചേർന്നു വധുവിന് ഒരു എൻഡെബെൽ പേരും നൽകും.
തയാറാക്കിയത്: എൻ.എം