നെടുമങ്ങാട് : അഭിജിത്ത് ആമിയുടെ കഴുത്തില്‍ മിന്നു കെട്ടി, വീടിന്റെ സ്വീകരണ മുറിയില്‍ വച്ച്. സാക്ഷ്യം വഹിക്കാനുണ്ടായിരുന്നത് ഇരുവരുടെയും അടുത്ത ബന്ധുക്കള്‍ മാത്രം.
വിവാഹ സദ്യയ്ക്കായി കരുതിയിരുന്ന പണം എന്തുചെയ്യണമെന്ന ചോദ്യത്തിന് ആമിയുടെ അച്ഛന് ശ്രീകണ്ഠന്‍നായര്‍ക്ക് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളു. കോവിഡ്കാലത്ത് അവശതയനുഭവിക്കുന്നവര്‍ക്കായി അന്നമെത്തിക്കുന്ന നഗരസഭയുടെ സമൂഹ അടുക്കളയിലേയ്ക്ക് സംഭാവന നല്‍കുക.
പഴകുറ്റി മേലാംകോട്, സോപാനത്തില്‍ ശ്രീകണ്ഠന്-ബിന്ദു ദമ്പതികളുടെ മകള്‍ ആമിയുടേയും, ചെമ്പഴന്തി, അണിയൂര്‍ സാന്ത്വനത്തില്‍ സന്തോഷ്കുമാറിന്റെയും അജിതയുടേയും മകന് അഭിജിത്തിന്റെയും ആര്‍ഭാടരഹിതമായ വിവാഹമാണ് ഈ ആതുരകാലത്തും നന്മയുടെ അടയാളമാകുന്നത്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ വിവാഹം മാറ്റിവയ്ക്കാനായിരുന്നു തീരുമാനം. പിന്നീട് അതുവേണ്ടെന്നു വച്ചു. വീട്ടില്‍ വച്ചുള്ള വിവാഹം സമീപകാലത്ത് നാട്ടില്‍ ആദ്യമായിട്ടാണ്.
തലേദിവസത്തെ സ്വീകരണവും, ഉപഹാരങ്ങളും ആദ്യമേ ഒഴിവാക്കിയിരുന്നതിനാല്‍ വീട്ടിലെ വിവാഹവും ലളിതമാക്കി നടത്താനായി. സര്‍ക്കാരിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടായിരുന്നു വിവാഹ ചടങ്ങുകൾ.
ഇന്‍ഫോസിസ് ജീവനക്കാരായ അഭിജിത്തിനും ആമിക്കും കൂട്ടുകാരില്ലാത്ത കല്ല്യാണം വലിയ സന്തോഷത്തിലും ചെറിയ വിഷമമായി. വിവാഹശേഷം ഇരുവരും ചേര്‍ന്ന് സമൂഹഅടുക്കളയിലേയ്ക്കുള്ള തുക കൗണ്‍സിലര്‍മാരായ ടി.ആര്.സുരേഷ്, പി.ഹരികേശന്‍നായര്‍ എന്നിവരുടെ സാന്നിധ്യത്തിൽ നഗരസഭാ ചെയര്മാന് ചെറ്റച്ചല്‍ സഹദേവന് കൈമാറി.