വടകര: വധുവരന്മാർക്ക് മണ്‍ചട്ടിയിൽ ഭക്ഷണം വിളന്പണമെന്ന വരന്റെ സുഹൃത്തുക്കളുടെ കടുംപിടുത്തം കല്യാണ വീട്ടിൽ ബഹളത്തിനിടയാക്കി. പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. ചോന്പാൽ ആവിക്കരയിലാണ് സംഭവം. ഇരിങ്ങലിൽ നിന്നുള്ള വരന്റെ കൂട്ടുകാരാണ് ഈ വിക്രിയക്കു ശ്രമിച്ചത്. ‘
താലി കെട്ട് ഉൾപ്പെടെയുള്ള ചടങ്ങുകൾക്കുശേഷം സദ്യക്കിടയിൽ വധൂവരന്മാർക്ക് ഇലക്കു പകരം മണ്‍ചട്ടിയിൽ ഭക്ഷണം വിളന്പാനായിരുന്നു ഇവരുടെ ശ്രമം. വധുവിന്റെ വീട്ടുകാർ ഇതിന് വിസമ്മതിച്ചെങ്കിലും സുഹൃത്തുക്കൾ പിൻമാറാൻ തയാറായില്ല. ഇതിനെ നാട്ടുകാർ ചോദ്യം ചെയ്തതോടെ ബഹളത്തിൽ കലാശിക്കുകയായിരുന്നു.
രംഗം പന്തിയല്ലെന്നു കണ്ടതോടെയാണ് പോലീസിന്റെ സഹായം തേടിയത്. സ്ഥലത്തെത്തിയ ചോന്പാല പോലീസ് പ്രശ്നക്കാരെ താക്കീത് ചെയ്തുവിട്ടു. മദ്യപിച്ചെത്തിയവരാണ് കുഴപ്പമുണ്ടാക്കിയതെന്ന് പോലീസ് പറഞ്ഞു. പ്രശ്നം പറഞ്ഞു തീർക്കാൻ വച്ചിരിക്കുകയാണ്.