കണ്ണൂർ: വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ട കമിതാക്കൾ വിവാഹിതരായി കോടതിയിൽ ഹാജരായപ്പോൾ വധൂ-വരൻമാരുടെ ബന്ധുക്കൾ സംഘടിച്ചെത്തി സംഘർഷമുണ്ടാക്കാൻ ശ്രമിച്ച സംഭവത്തിൽ 25 പേർക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. എസ്ഡിപിഐ, പോപ്പുലർഫ്രണ്ട് പ്രവർത്തകരായ കോയിയോട്ടെ അർഷാദ് ഉൾപ്പെടെ 15പേർക്കെതിരേയും ഹിന്ദു ഐക്യവേദി, ആർഎസ്എസ് പ്രവർത്തകരായ വെള്ളച്ചി സജിത്ത് ഉൾപ്പെടെ പത്ത് പേർക്കെതിരേയുമാണ് കേസെടുത്തത്.
ഇന്നലെ വൈകുന്നേരം കണ്ണൂർ കോടതി വളപ്പിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. നീർച്ചാൽ സ്വദേശിയായ യുവാവ് മീങ്കുന്ന് സ്വദേശിനിയായ യുവതിയെയാണ് വിവാഹം ചെയ്തത്. പ്രണയത്തിലായിരുന്ന ഇരുവരെയും കഴിഞ്ഞദിവസം മുതൽ കാണാനില്ലായിരുന്നു. ഇന്നലെ വൈകുന്നേരം മജിസ്ട്രേറ്റിന്റെ വസതിയിൽ ഇരുവരും ഹാജരാകുകയായിരുന്നു.
വിവരമറിഞ്ഞ പെൺകുട്ടിയുടെ ബന്ധുക്കൾ കോടതി പരിസരത്തെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയത് യുവാവിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ചോദ്യംചെയ്തു. സംഘർഷാവസ്ഥയെ തുടർന്ന് പോലീസും സ്ഥലത്തെത്തിയിരുന്നു. തുടർന്ന് കോടതിവളപ്പിൽ തടിച്ചുകൂടിയവരെ ഒഴിവാക്കി പോലീസ് ഗേറ്റടച്ചു. യുവാവിനൊപ്പം പോകാനാണ് താത്പര്യമെന്ന് യുവതി പറഞ്ഞതോടെ മജിസ്ട്രേറ്റ് ഇതിന് അനുമതി നൽകി. തുടർന്ന് പോലീസ് കാവലിലാണ് യുവതിയും യുവാവും മടങ്ങിയത്.