കറുകച്ചാൽ: വരനു പ്രായമായില്ല. വിവാഹം കഴിക്കാനാകാതെ കമിതാക്കൾ മടങ്ങി. കറുകച്ചാൽ സബ് രജിസ്ട്രാർ ഓഫീസിലാണ് സംഭവം.കോന്നി സ്വദേശിയായ യുവാവുമായി കറുകച്ചാലിനു സമീപ പ്രദേശത്തെ പതിനെട്ടുകാരി പ്രണയത്തിലായി. ഇന്നലെ ഇരുവരും രജിസ്റ്റർ വിവാഹം കഴിക്കാൻ കറുകച്ചാൽ രജിസ്ട്രാർ ഓഫീസിലെത്തി. വരന്റെയും വധുവിന്റെയും മാതാപിതാക്കളും ബന്ധുക്കളും പുഷ്പഹാരങ്ങളുമായി കൂടെയും.
ഉദ്യോഗസ്ഥർ രേഖകൾ പരിശോധിച്ചപ്പോഴാണ് വരൻ പയ്യനാണെന്നറിയുന്നത്. പ്രായപൂർത്തിയാവാൻ ഇനിയും ഒരുമാസം കൂടി വേണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞപ്പോൾ പയ്യൻ സമ്മതിച്ചില്ല. ഉടൻ വിവാഹം കഴിക്കണമെന്ന് പയ്യൻ ശാഠ്യം പിടിച്ചെങ്കിലും ഉദ്യോഗസ്ഥർ തയാറായില്ല. തുടർന്ന് ഒരു മാസം കഴിഞ്ഞു വിവാഹം നടത്താമെന്നു തീരുമാനിച്ച് വരനും കാമുകിയും ബന്ധുക്കളും മടങ്ങി.