കോട്ടയം: ആഡംബര വിവാഹ വിവാദത്തിൽ ഉൾപ്പെട്ട എഐവൈഎഫ് നേതാവ് ആരോപണങ്ങൾ നിഷേധിച്ച് രംഗത്ത്. എഐവൈഎഫ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് അഡ്വ. സി.എ.അരുണ്‍കുമാറാണ് തനിക്കെതിരേ സമൂഹ മാധ്യമങ്ങളിലും ഓണ്‍ലൈനിലും പ്രചരിക്കുന്ന ആരോപണം നിഷേധിച്ചു രംഗത്തെത്തിയത്. തന്റെ വിവാഹം അനാർഭാടമായാണ് നടത്തിയതെന്നും തന്റെ രാഷ്ട്രീയ ഭാവി തകർക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതിനു പിന്നിലെന്നും അരുണ്‍കുമാർ ദീപികയോടു പ്രതികരിച്ചു.
കല്ല്യാണത്തിന് 30 പവൻ സ്വർണം വധുവിന്റെ വീട്ടുകാർ സമ്മാനമായി നൽകുകയാണുണ്ടായത്. അതുമാത്രമായിരുന്നു സ്വർണം. ബാക്കിയുള്ളവ ബ്യൂട്ടി പാർലറുകാർ നൽകിയ റോൾഡ് ഗോൾഡ് ആഭരണങ്ങളാണ്. വിവാഹ ചടങ്ങുകൾ അനാർഭാടമായാണ് നടത്തിയത്. വിവാഹത്തിനുശേഷം വ്യാഴാഴ്ച വൈകിട്ടാണ് ആലപ്പുഴയിലെ വീട്ടിലെത്തിയത്. എന്നാൽ ഇത് പരിഗണിക്കാതെ ആഡംബര റിസപ്ഷൻ നടത്തിയെന്ന പ്രചാരണം ചിലർ നടത്തുകയാണ്. വിവാഹശേഷം തന്നെ സന്ദർശിക്കാൻ നേതാക്കൾ എത്തിയതിനെയാണ് ആഡംബര റിസപ്ഷനെന്നു പ്രചരിപ്പിക്കുന്നതെന്നും അരുണ്‍കുമാർ കൂട്ടിച്ചേർത്തു.
മകളുടെ ആഡംബര കല്യാണത്തിന്റെ പേരിൽ നാട്ടിക എംഎൽഎ ഗീതാ ഗോപിക്കെതിരേ സിപിഐ അച്ചടക്ക നടപടി സ്വീകരിച്ചതിനു പിന്നാലെയാണ് എഐവൈഎഫ് നേതാവും വിവാദത്തിൽ അകപ്പെടുന്നത്. വ്യാഴാഴ്ചയാണ് അരുണും തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിനിയുമായ പെണ്‍കുട്ടിയുമായുള്ള വിവാഹം നടന്നത്. വെങ്ങാനൂർ നീലകേശി ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം.