ഹൈദരാബാദ്: തനിക്ക് ഇഷ്ടമില്ലാത്ത വിവാഹം മാതാപിതാക്കൾ ഉറപ്പിച്ചതിൽ യുവതി പ്രകോപിതയായപ്പോൾ മരണത്തിന്‍റെ വക്കിലായത് പ്രതിശ്രുത വരൻ.
കല്യാണം ഉറപ്പിച്ചത് ഇഷ്ടപ്പെടാതിരുന്ന യുവതി പ്രതിശ്രുത വരനെ സ്നേഹം നടിച്ചു “സർപ്രൈസ്’ നൽകാൻ ക്ഷണിച്ചു വരുത്തിയ ശേഷം അയാളുടെ കഴുത്ത് അറക്കുകയായിരുന്നു.
കൗൺസിൽ ഓഫ് സയന്‍റഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിലെ (സിഎസ്ഐആർ) ശാസ്ത്രജ്ഞനാണ് രാമു നായിഡു. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.
ആന്ധ്രപ്രദേശിൽ വിശാഖപട്ടണത്തെ ചോടവാരത്താണ് സംഭവം നടന്നതെന്നു പോലീസ് പറഞ്ഞു. രാമു നായിഡുവി ന്‍റെയും പുഷ്പയുടെയും വിവാഹം അടുത്ത മാസത്തേക്കാണ് തീരുമാനിച്ചിരുന്നത്.
ഇരുപത്തിരണ്ടുകാരിയായ പുഷ്പ സ്കൂൾ പഠനം ഇടയ്ക്ക് ഉപേക്ഷിച്ച വ്യക്തിയാണ്. മാതാപിതാക്കൾ കണ്ടെത്തിയ വരൻ രാമ നായിഡുവിനെ പുഷ്പയ്ക്ക് ഇഷ്ടപ്പെട്ടില്ല.
തനിക്ക് ഇഷ്ടമില്ലെന്നു പറഞ്ഞെങ്കിലും അതു വകവയ്ക്കാതെ മാതാപിതാക്കൾ വിവാഹം ഉറപ്പിക്കുകയായിരു ന്നുവെന്നു യുവതി പോലീസിനോടു പറഞ്ഞു.
ഇതോടെ പ്രകോപിതയായ യുവതി കഴിഞ്ഞ ദിവസം “ഒരു സർപ്രൈസ്” ഉണ്ട് എന്നു പറഞ്ഞുകൊണ്ട് നായിഡുവിനെ ഒരു കുന്നിൻ മുകളിലേക്കു ക്ഷണിച്ചു വരുത്തുകയായിരുന്നു.
യുവാവിനെ ക്ഷണിക്കുന്നതിനു മുന്പ് യുവതി മൂന്നു കത്തികൾ വാങ്ങി കൈവശം സൂക്ഷിച്ചിരുന്നതായി പോലീസ് പറയുന്നു. തന്‍റെ ഭാവി ഭാര്യ കാത്തുവച്ചിരിക്കുന്ന സർപ്രൈസ് കാണാനുള്ള ആവേശത്തിലാണ് നായിഡു എത്തിയത്.
എന്നാൽ, അവൾ അപ്രതീക്ഷിതമായി അയാളുടെ കഴുത്തു മുറിക്കുകയായിരുന്നു. ഗുരുതരമായി ചോരയൊലിപ്പിച്ചു കിടന്ന നായിഡുവിനെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണത്തിൽനിന്നു കഷ്ടിച്ചു രക്ഷപ്പെട്ട ഈ യുവശാസ്ത്രജ്ഞൻ ഇപ്പോൾ ചികിത്സയിലാണ്.