ചവറ: വിവാഹത്തിന് ശേഷമുള്ള സൽക്കാരത്തിനിടെ നടന്ന സംഘർഷത്തിൽ രണ്ട് പേർക്ക് മർദദനമേറ്റ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ.പോലീസ് പറയുന്നത് ഇങ്ങനെ ചവറ ശങ്കരമംഗലത്തിന് കിഴക്കുള്ള ഒരു ക്ഷേത്രത്തിൽ വെച്ച് ചവറ സ്വദേശിനിയുടേയും കുമരം ചിറ സ്വദേശിയുടെയും വിവാഹം നടന്നു. തുടർന്ന് ഉച്ചയ്ക്ക് 1.30 ഓടെ വരന്റെ കൂട്ടത്തിൽ എത്തിയ പത്തംഗ സംഘം ഭക്ഷണം കഴിക്കാൻ വേണ്ടി കയറി .
എന്നാൽ നാലാമത്തെ പന്തിയിൽ കയറിയ ഇവർക്ക് ഭക്ഷണം നൽകുന്നതിൽ താമസം നേരിട്ടുവെന്ന് ആരോപിച്ച് ഭക്ഷണം വിളമ്പാൻ നിന്നവരുമായി വാക്കേറ്റം ഉണ്ടായി. ഇരു വിഭാഗവും തമ്മിലുള്ള വാക്കേറ്റം അവസാനം അടിയിൽ കലാശിച്ചു.ഭക്ഷണം വിളമ്പാൻ നിന്നിരുന്ന ചവറ തോട്ടിന് വടക്ക് സ്വദേശികളായ വിപിൻ ,വിഷ്ണു എന്നിവർക്കാണ് മർദ്ദനത്തിൽ പരിക്കേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് കുമരം ചിറ സ്വദേശികളായ അംബുലാൽ ,ഷൈലേഷ് എന്നിവരെ ചവറ പോലീസ് പിടികൂടി. ബാക്കിയുള്ളവർ ഓടി രക്ഷപ്പെട്ടു. പോലീസ് എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത്. സംഘർഷത്തെ തുടർന്ന് വിവാഹത്തിനെത്തിയ സ്ത്രീ ജനങ്ങൾ ഓടി. ഊട്ടുപുരയിലെ പാത്രങ്ങളും നശിച്ചു .