വിവാഹ വാർഷികത്തിൽ ഭാര്യ ഭാർത്താക്കൻമാർ പല സമ്മാനങ്ങളും കൈമാറാറുണ്ട്. സ്വർണാഭരണങ്ങൾ, വാഹനങ്ങൾ, ഗാഡ്ജറ്റുകൾ, മറ്റു വിലപ്പെട്ട പലതും നൽകാറുണ്ട്.
ഇതിൽ വാർത്തയുമാകാറുണ്ട്. അജ്മിർ സ്വദേശിയായ സപ്നാ അനിജയ്ക്ക് ഭർത്താവ് ധർമേന്ദ്ര അനിജ ഞെട്ടിക്കുന്ന വിവാഹ വാർഷിക സമ്മാനം നൽകിയത്. മറ്റൊന്നുമല്ല ചന്ദ്രനിൽ മൂന്ന് ഏക്കർ സ്ഥലമാണ് ധർമേന്ദ്ര സപ്നയ്ക്ക് സമ്മാനിച്ചത്!
എട്ടാമത്തെ വിവാഹ വാർഷികത്തിൽ ഭാര്യ സപ്ന അനിജയ്ക്കായി പ്രത്യേകമായി എന്തെങ്കിലും ചെയ്യാൻ ആഗ്രഹിച്ചതിനാലാണ് ചന്ദ്രനിൽ ഭൂമി വാങ്ങി നൽകിയതെന്നാണ് ഭർത്താവ് ധർമേന്ദ്ര അനിജ പറയുന്നത്.
ന്യൂയോർക്ക് സിറ്റിയിലെ ലൂണാ സൊസൈറ്റി ഇന്റർനാഷണൽ വഴിയാണ് ചന്ദ്രനിൽ ഭൂമി വാങ്ങിയത്. ഒരു വർഷത്തോളമെടുത്താണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. ചന്ദ്രനിൽ ഭൂമി വാങ്ങുന്ന രാജസ്ഥാനിൽ നിന്നുള്ള ആദ്യത്തെ വ്യക്തിയാണ് താനെന്നാണ് ധർമേന്ദ്ര പറയുന്നത്.
ബഹിരാകാശത്തെ ഭൂമിയിൽ സ്വകാര്യ ഉടമസ്ഥാവകാശം സാധ്യമല്ലെന്നുള്ളതാണ് മറ്റൊരു വസ്തുത. എങ്കിലും സമ്മാനങ്ങൾ നൽകുന്ന വെബ്സൈറ്റുകൾ ഇപ്പോഴും ചന്ദ്രനിലെ ഭൂമി വിൽക്കുന്നുണ്ട്.
അവ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സർട്ടിഫിക്കറ്റും നൽകുന്നു. അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത് 2018 ൽ ചന്ദ്രനിൽ സ്ഥലം വാങ്ങിയതായി അവകാശപ്പെട്ടിരുന്നു.