ചവറ : നാല് വർഷത്തിന് മുമ്പ് വിവാഹമോചനം നേടിയവർ നാടകീയമായി വീണ്ടും ഒന്നിച്ചു. നീണ്ടകര സ്വദേശികളായ 35 കാരിയും 40 കാരനുമാണ് വീണ്ടും പ്രണയസാഫല്യത്തിന് കോടതി മുഖാന്തരം ഒന്നായി തീർന്നത്. ചവറ കുടുംബകോടതിയിലാണ് നാടകീയമായ രംഗങ്ങൾക്ക് തിരശീല വീണത്.
ഇതിനിടയില്‍ ഇവര്‍ വീണ്ടും സ്നേഹിച്ച് ഒന്നിച്ച് താമസിക്കാന്‍ ശ്രമിച്ചങ്കിലും രണ്ട് വീട്ടുകാരുടെയും എതിര്‍പ്പ് തടസമായി. ദിവസങ്ങൾക്ക് മുമ്പ് തന്റെ ഭർത്താവിനെ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് ബധിര-മൂക യുവതി വീട്ടിൽ ബഹളം ഉണ്ടാക്കി.
ഇതിനെ തുടർന്ന് യുവതിയുടെ കൈകൾക്ക് പരിക്കേറ്റിരുന്നു. ചികിത്സയുടെ ഭാഗമായി യുവതിയെ ചവറ തെക്കുംഭാഗത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ യുവതി ആശുപത്രിയിൽ നിന്നും മുങ്ങിയതിനെ തുടർന്ന് സംഭവം പോലീസിൽ എത്തി.
ചവറ തെക്കുംഭാഗം സി ഐ രാജേഷ് കുമാർ അന്വേഷണം നടത്തിവന്നപ്പോഴാണ് യുവതി ബന്ധം വേർപ്പെടുത്തിയ ഭർത്താവിനോടൊപ്പം പോയ വിവരം അറിയുന്നത്. തുടർന്ന് യുവതിയെയും യുവാവിനെയും ഇവരുടെ ബന്ധുക്കളെയും പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് ഒത്ത് തീർപ്പിന് ശ്രമിച്ചെങ്കിലും ഇരുവരുടേയും ബന്ധുക്കൾ തമ്മിൽ വാക്കേറ്റത്തിൽ ഏർപ്പെട്ടു.
യുവതിയുടെ വീട്ടുകാർ ഇവർ വീണ്ടും ഒന്നിക്കുന്നത് കർശനമായി എതിർത്തു. ആംഗ്യ ഭാഷ യിൽ യുവതി പറയുന്നത് മനസ്സിലാകാത്തതിനെ തുടർന്ന് പോലീസ് ഇതിനായി ഒരാളെ കണ്ടെത്തി. ഇവർ എത്തി യുവതി പറയുന്നത് പരിഭാഷ ചെയ്ത് നൽകി.
തുടർന്ന് സി ഐ രാജേഷ് കുമാർ കേസ് രജിസ്റ്റർ ചെയ്ത് യുവാവിനെയും യുവതിയെയും കോടതിയിൽ ഹാജരാക്കി. എന്നാൽ ഇവിടെയും ബന്ധുക്കൾ ബഹളം ഉണ്ടാക്കി.കോടതി ഇടപെട്ട് ഇരു കുടുംബക്കാരെയും ശാസിച്ചു.
ബന്ധുക്കൾ എതിർത്തുവെങ്കിലും യുവതിയുടെ ഇഷ്ടപ്രകാരം യുവാവിനോടൊപ്പം പോകാൻ കോടതി നിർദേശിച്ചു. ഇരുവർക്കും വിവാഹമോചനത്തിന് മുമ്പ് ഒരു പെൺകുട്ടിയും ഉണ്ട്. ചെറിയ ചില വിഷയങ്ങളെ തുടർന്നായിരുന്നു ഇവരുടെ ബന്ധം വേർപിരിയേണ്ടിവന്നതെന്നാണ് പറയപ്പെടുന്നത്. ു