വൈപ്പിൻ: ഭാരതത്തിന്റെ വേദങ്ങളേയും ഹൈന്ദവാചാരങ്ങളെയും സ്നേഹിച്ച സ്വീഡൻകാരി സ്റ്റീന കടൽ കടന്നെത്തി കണ്ണൂർക്കാരൻ സിജുവിനു വരണമാല്യം ചാർത്തി. എട്ട് വർഷമായി മൊട്ടിട്ട പ്രണയത്തിനൊടുവിൽ ഇന്നലെ ചെറായി ബീച്ചിൽ വെച്ചാണ് ഇരുവരും പരസ്പരം വരണമാല്യമണിഞ്ഞ് ജീവിതത്തിലേക്ക് കാലെടുത്തുവെച്ചത്. സിജുവിനും വേദങ്ങളോട് കടുത്ത പ്രണയം തന്നെയായിരുന്നു. ഇതാണ് ഇരുവരേയും തമ്മിൽ അടുപ്പിച്ചതും.
ഹൈന്ദവ വിധിപ്രകാരം നടന്ന താലികെട്ടിൽ അലതല്ലിഉയരും സാഗരവും സാക്ഷിയായി. രാവിലെ 11നുള്ള ശുഭമുഹൂർത്തത്തിൽ ബീച്ചിലെ വിദ്യാവേദ പരിജ്ഞാന കേന്ദ്രത്തിൽ സുനിശാന്തിയുടെ കാർമ്മികത്വത്തിലായിരുന്നു താലികെട്ട്. മാതാപിതാക്കൾക്ക് ദക്ഷിണ നൽകി കൊട്ടും കുരവയുമായി നടന്ന താലികെട്ടിൽ സ്റ്റീനയുടെ മാതാവ് സ്റ്റിംഗ, സിജുവിന്റെ മാതാപിതാക്കളായ ജോസ് കൊട്ടാരം, തങ്കമ്മ എന്നിവരും സന്നിഹിതരായിരുന്നു.
ഇതിനുശേഷം ബീച്ചിലെ പഞ്ചസാര മണലിൽ അലങ്കരപ്പതന്തലുകളൊരുക്കി നടത്തിയ വിരുന്നിലും ആഘോഷപരിപാടികകളിലും നവദന്പതികളുടെ ബന്ധുക്കളെ കൂടാതെ ചുരുക്കം ചില സൃഹൃത്തുക്കളും പങ്കെടുത്തു.മലയാളിയും കണ്ണൂർ ചെന്പേരി സ്വദേശിയുമായ സിജു കഴിഞ്ഞ എട്ട് വർഷമായി സ്റ്റോക്ക് ഹോമിലെ ഒരു സ്കൂളിൽ ഫുഡ് ആന്റ് ന്യൂട്രീഷ്യൻ അധ്യാപകനാണ്.
ചെക്ക്-ജർമ്മൻ ദന്പതികളുടെ മകളായ സ്വീഡൻകാരി സ്റ്റീന ഇവിടെ തന്നെയുള്ള ഒരു അമേരിക്കൻ ട്രാവൽ കന്പനിയുടെ റവന്യൂ മാനേജരാണ്. ഹൈന്ദവ ആചാരങ്ങളിലും വേദങ്ങളിലുമുള്ള ഭ്രമമാണ് ഇരുവരേയും ഒരുമിച്ച് ജീവിക്കാൻ പ്രേരിപ്പിച്ചത്. എട്ടുവർഷത്തെ അടുപ്പത്തിനിടയിൽ കുറച്ച് നാൾ മുന്പ് ഇരുവരും ചെറായി ബീച്ചിലെത്തിയപ്പോഴാണ് വിവാഹം ചെറായിയിൽ വെച്ചാക്കാമെന്ന് തീരുമാനിച്ചത്.
വിവാഹം പ്രമാണിച്ച് ഒരാഴ്ചമുന്പ് ഇരുവരും കണ്ണൂരെത്തി. തുടർന്ന് ബന്ധുക്കളുമായി വിവാഹത്തിനു തലേന്ന് ചെറായി ബീച്ചിലെത്തി . ഇന്ന് നാട്ടിലേക്ക് തിരിക്കുന്ന വധൂവരൻമാർ മാർച്ച് മൂന്നിനു സ്റ്റോക്ക് ഹോമിലേക്ക് തിരിച്ചുപോകും.