സ്വന്തം ലേഖകൻ
തൃശൂർ: പ്രളയത്തിൽ വീടു തകർന്നപ്പോൾ ഉറപ്പിച്ചുവച്ച മകളുടെ വിവാഹമെന്ന സ്പനംകൂടി തകരുമോയെന്ന് ആ കുടുംബം ഭയന്നു. ദുരിതാശ്വാസ ക്യാന്പിലായ യുവതിക്കു മംഗല്യത്തിനും കുടുംബത്തിനു താമസിക്കാനും കോർപറേഷൻ കൗണ്‍സിലർ സ്വന്തം വീടു വിട്ടുകൊടുത്തു.
യുവതിയുടെ കല്യാണത്തിന് അഞ്ചു പവൻ സ്വർണാഭരണങ്ങളും സമ്മാനങ്ങളും വനിതാ കൗണ്‍സിലറുടെ നേതൃത്വത്തിൽ ഒരുക്കുന്നുണ്ട്. തൃശൂർ അരണാട്ടുകര തരകൻസ് സ്കൂളിലെ ദുരിതാശ്വാസ ക്യാന്പിൽ കഴിയുന്ന സനിതയാണു ഇങ്ങനെ വിവാഹിതയാകുന്നത്. അരണാട്ടുകര കടവാരത്തു താമസിക്കുന്ന എടശേരി വീട്ടിൽ സണ്ണിയുടേയും ശോഭനയുടേയും മകളാണു സനിത.
വടക്കാഞ്ചേരിയിൽ എക്സൈസിൽ ജോലി ചെയ്യുന്ന മിഥുനാണു വരൻ. വെളപ്പായ വെള്ളേടത്ത് ബാബു – രാഗി ദന്പതിമാരുടെ മകനാണ്. സെപ്റ്റംബർ രണ്ടിനു വിവാഹം നടത്താൻ നേരത്തെ തീരുമാനിച്ചതായിരുന്നു. അങ്ങനെയിരിക്കേയാണ് വെള്ളപ്പൊക്കം സനിതയേയും കുടുംബത്തേയും വഴിയാധാരമാക്കിയത്.
വിവാഹം മാറ്റിവയ്ക്കേണ്ടിവരുമെന്ന വിഷമത്തിലായിരുന്നു ആ കുടുംബം. വിവരമറിഞ്ഞ തൃശൂർ കോർപറേഷൻ ലാലൂർ ഡിവിഷനിലെ കൗണ്‍സിലറും വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ ലാലി ജയിംസ് നിശ്ചിത തീയതിയിൽതന്നെ വിവാഹം നടത്താൻ നിർദേശം നൽകി.
ഏതാനും ആഴ്ചകൾ താമസിക്കാൻ തന്റെ വീടു വിട്ടുതരാമെന്നു വാക്കു നൽകുക മാത്രമല്ല, താക്കോൽ കൈമാറുകയും ചെയ്തു. വിവാഹത്തിനു സമ്മാനങ്ങൾ ഒരുക്കിക്കൊടുക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. തൃശൂരിലെ ചില സ്വർണ വ്യാപാരികളും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
മുന്നൂറോളം പേരുണ്ടായിരുന്ന തരകൻസ് സ്കൂളിലെ ദുരിതാശ്വാസ ക്യാന്പിൽ ഇപ്പോൾ സനിതയുടെ കുടുംബം അടക്കം 64 പേരാണുള്ളത്. താമസിക്കാൻ ബദൽ സംവിധാനം സജ്ജമാക്കുന്നതുവരെ സനിതയുടെ കുടുംബം കൗണ്‍സിലറുടെ എൽത്തുരുത്തിലെ വീട്ടിലാണു താമസിക്കുക.