ഹൈദരാബാദ്: വിവാഹത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് മകളെ അമ്മ കൊലപ്പെടുത്തി. ഹൈദരാബാദിലെ ഇബ്രാഹിംപട്ടണത്തെ വസതിയിൽ വച്ച് 19കാരിയാണ് കൊല്ലപ്പെട്ടത്.
സ്വകാര്യ കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയായിരുന്നു കൊല്ലപ്പെട്ട പെൺകുട്ടി. തിങ്കളാഴ്ച രാത്രിയാണ് അമ്മ പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന് സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പറഞ്ഞു.
അമ്മയ്ക്കും മറ്റ് കുടുംബാംഗങ്ങൾക്കും പെൺകുട്ടിയെ ഒരു ബന്ധുവിനെ കൊണ്ട് വിവാഹം കഴിക്കാനായിരുന്നു താത്പര്യം. എന്നാൽ താൻ ഒരാളുമായി പ്രണയത്തിലാണെന്നും അയാളെ മാത്രമെ വിവാഹം ചെയ്യൂവെന്നും പെൺകുട്ടി പറഞ്ഞു.
തിങ്കളാഴ്ച മകൾ കാമുകനോട് സംസാരിക്കുന്നത് കണ്ടപ്പോൾ അമ്മ പെൺകുട്ടിയുമായി വഴക്കുണ്ടാക്കി. തുടർന്ന് ഇവർ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും പിന്നീട് ഇത് ആത്മഹത്യയായി ചിത്രീകരിക്കാൻ ശ്രമിക്കുകയും ചെയ്തു.
സംഭവത്തിൽ ഇബ്രാഹിംപട്ടണം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്.