ഈ ഗ്രാമത്തിലെ യുവാക്കളെല്ലാം വല്ലാത്ത ഭയത്തിലാണ്. യുവാക്കള്‍ക്കു വരുന്ന ആലോചനകളെല്ലാം കല്യാണം മുടക്കികള്‍ മുടക്കുന്നു. അതോടെ കല്യാണം കഴിക്കാനിരിക്കുന്നവരെല്ലാം കൂടി ഒരു യോഗം ചേര്‍ന്നു. നാനാജാതി മതസ്ഥരും വിവിധ പാര്‍ട്ടികളില്‍ വിശ്വസിക്കുന്നവരും യോഗത്തിനെത്തി. കല്യാണം മുടക്കികളെ തടയുകയായിരുന്നു ലക്ഷ്യം. ഒടുവില്‍ എല്ലാവരുംകൂടി ഒരു തീരുമാനമെടുത്തു. കല്യാണം മുടക്കികള്‍ക്കു മുന്നറിയിപ്പുമായി ഒരു ഫഌക്സ് ബോര്‍ഡ് സ്ഥാപിക്കുക. തിരുവനന്തപുരത്താണ് സംഭവം. കഴക്കൂട്ടത്തിനടുത്ത് പള്ളിപ്പുറം പറമ്പില്പ്പാലംകാരാണ് വിവാഹം മുടക്കികളെ കൊണ്ട് ഇടങ്ങേറായത്.
കല്യാണം മുടക്കികളെ സൂക്ഷിച്ചോ, ഇനി ഞങ്ങളുടെ കാര്യത്തില്‍ ഇടപ്പെട്ടാല്‍ കളി കാര്യമാകും. അടുത്തിടെ യുവാക്കള്‍ക്ക് വരുന്ന വിവാഹാലോചനകള്‍ നശിപ്പിക്കുന്നത് നാട്ടിലെ ചില തല നരച്ച കാരണവര്മാരാണെന്നാണ് യുവാക്കള്‍ക്ക് സംശയം. ആലോചന വരുന്നത് പെണ്‍വീട്ടിലേക്ക് ഫോണ്കോളെത്തും. നിങ്ങള്‍ വലിയ കുഴപ്പത്തിലേക്കാണ് പോകുന്നത്. ആ ചെക്കന് അത്ര ശരിയല്ല. വേഗം ആലോചന വിട്ടോളൂവെന്ന ഉപദേശവും. പേടിച്ച പെണ്‍വീട്ടുകാര്‍ പള്ളിപ്പുറത്തെ വിട്ടുപിടിക്കും. യുവാക്കളില്‍ പലരുടെയും കല്യാണം മുടങ്ങിയാല്‍ ഗത്യന്തരമില്ലാതെയാണ് റോഡരികില്‍ ബോര്‍ഡ് വച്ചതെന്ന് യുവാക്കള്‍ പറയുന്നത്. ആരെങ്കിലും ബോര്‍ഡ് മാറ്റിവച്ചാല്‍ പണി കിട്ടുമെന്നും മുന്നറിയിപ്പുണ്ട്.