വിവാഹ വാഗ്ദാനം നല്കി പണം തട്ടിയെടുത്ത് യുവാക്കളെ കബളിപ്പിച്ച യുവതിയും കൂട്ടാളികളും അറസ്റ്റില്‍. ഇത്തരത്തില്‍ അഞ്ചു യുവാക്കളില്‍ നിന്നാണ് യുവതി വിവാഹ വാഗ് ദാനം നല്കി പണം തട്ടിയെടുത്തത്.
വരന്മാരില് ഒരാള്‍ കല്യാണം കഴിക്കുന്നതിനായി വിവാഹവേദിയില്‍ എത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞത്. ഭോപ്പാലിലാണ് സംഭവം.
ഹാര്‍ദ ജില്ലയിലെ വരന് വധുവിനും കുടുംബത്തിനുമെതിരെ പരാതിയുമായി എത്തിയപ്പോഴാണ് മറ്റു നാലുപേര്‍ കൂടി ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് തിരിച്ചറിയുന്നത്.
പറഞ്ഞ് ഉറപ്പിച്ചതിന് അനുസരിച്ച് വരനും കുടുംബവും വിവാഹവേദിയില്‍ എത്തിയപ്പോള്‍ വധുവിനെയും കുടുംബത്തെയും കാണാനില്ല. തുടര്‍ന്നാണ് പൊലീസിനെ സമീപിച്ചത്.
വിവാഹ വേദിയില്‍ എത്തിയപ്പോള്‍ ഓഡിറ്റോറിയം പൂട്ടിയിട്ട നിലയിലായിരുന്നു. തുടര്‍ന്ന് വധുവിന്റെ കുടുംബത്തെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു.
തുടര്‍ന്നാണ് പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയത്. അന്വേഷണത്തില്‍ തട്ടിപ്പ് സംഘത്തെ നിയന്ത്രിക്കുന്നത് മൂന്ന് പേരാണെന്ന് പൊലീസ് കണ്ടെത്തി.
തുടര്‍ന്ന് നടത്തിയ തെരച്ചലിലാണ് പ്രതികള്‍ പിടിയിലായത്.വിവിധ ജില്ലകളില്‍ ഉചിതമായ വധുവിനെ കിട്ടാതെ കല്യാണം നടക്കാതെ ബുദ്ധിമുട്ടുന്ന വരന്മാരെ ലക്ഷ്യമിട്ടാണ് തട്ടിപ്പ് സംഘം പ്രവര്‍ത്തിച്ചിരുന്നത്.
വധുവിനെ അന്വേഷിച്ച് നടക്കുന്ന വരന് ഫോണ്‍ നമ്പര്‍ നല്‍കിയാണ് തട്ടിപ്പിന് തുടക്കമിടുന്നത്. കല്യാണം പറഞ്ഞു ഉറപ്പിക്കാനാണ് എന്ന് പറഞ്ഞാണ് ഫോണ്‍ നമ്പര്‍ നല്‍കുന്നത്.
ഇതനുസരിച്ച് വിളിക്കുന്ന വരനോട് ഭോപ്പാലില്‍ എത്താന്‍ നിര്‍ദേശിക്കുന്നു. ഭോപ്പാലില്‍ എത്തുന്ന വരന് മുന്നില്‍ വധുവിനെ സംഘം പരിചയപ്പെടുത്തും.
വരന് ഇഷ്ടമാകുന്ന പക്ഷം 20000 രൂപ കമ്മീഷനായി വാങ്ങിയ ശേഷം കല്യാണദിവസം മുങ്ങിയാണ് സംഘം തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറയുന്നു. കൂടുതല്‍ യുവാക്കള്‍ തട്ടിപ്പിനിരയായിട്ടുണ്ടോയെന്നാണ് ഇപ്പോള്‍ പോലീസ് പരിശോധിക്കുന്നത്.