കോഴഞ്ചേരി: വിവാഹസദ്യക്കു പോത്തിറച്ചി തയാറാക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥരെത്തി തടസപ്പെടുത്തി കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ചെറുകോല്‍ കാട്ടൂര്‍പേട്ട പുതുപ്പറമ്പില്‍ ഷാജഹാന് മുഖ്യമന്ത്രിക്ക് നല്കിയ പരാതിയെ തുടര്‍ന്ന് പത്തനംതിട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം പരാതിക്കാരെ ഇന്നലെ ഡിവൈഎസ്പി ഓഫീസില്‍ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി. കഴിഞ്ഞ ഏപ്രില്‍ അഞ്ചിന് നടന്ന ഷാജഹാന്റെ മകളുടെ വിവാഹത്തിനായി തലേദിവസം രണ്ടു പോത്തുകളെ സ്വന്തം പറമ്പില്‍ കശാപ്പ് ചെയ്തിരുന്നു. ഇറച്ചി തയാറാക്കുന്നതിനിടെ രാത്രി 12ഓടെ പട്രോളിംഗിനെത്തിയ ആറന്മുള സ്റ്റേഷനിലെ രണ്ട് പോലീസുകാര്‍ പോത്തിനെ കശാപ്പു ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും ഇറച്ചി ഉടന്‍ കവറിലാക്കി സ്റ്റേഷനിലേക്ക് മാറ്റണമെന്നും രണ്ടു തൊഴിലാളികള്‍ക്കെതിരേ കേസെടുക്കുമെന്നും ഭീഷണിപ്പെടുത്തി ചിത്രം പകര്‍ത്തി.
തുടര്‍ന്ന് ഷാജഹാനും സഹോദരന് മജീദും സ്ഥലത്തെത്തിയെങ്കിലും ഭീഷണി മുഴക്കിയ ഉദ്യോഗസ്ഥര്‍ കേസെടുക്കുമെന്ന നിലപാടില്‍ ഉറച്ചുനിന്നു. ഇതിനിടെ രക്തസമ്മര്‍ദ്ദം കുറഞ്ഞ ഷാജഹാന് തളര്‍ന്നുവീണു. തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും എത്തിയതോടെ ശനിയാഴ്ച സ്റ്റേഷനിലെത്താന്‍ നിര്‍ദേശിച്ച് പോലീസുകാര്‍ മടങ്ങി. ഭയന്നുപോയ തൊഴിലാളികള്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി മണിക്കൂറുകള്‍ വൈകിയാണ് ജോലി തുടര്‍ന്നത്.
കല്യാണദിവസം 11.30ന് അതിഥികള്‍ക്ക് ഭക്ഷണം നല്‍കാനായിരുന്നു തീരുമാനം. പോലീസിന്റെ ഇടപെടലിനെ തുടര്‍ന്ന് ഭക്ഷണം തയാറാക്കുന്നതു വൈകി. പോലീസിന്റെ ഭീഷണിയും ഭക്ഷണം നല്കാന് വൈകിയതും കല്യാണവീട്ടില്‍ പോലീസ് കയറിയെന്ന പ്രചാരണവും തന്നെയും കുടുംബത്തെയും മാനസികമായി തളര്‍ത്തിയെന്നും പരാതിയില്‍ പറയുന്നു.
മാനസികമായി തളര്‍ന്ന ഷാജഹാന് തൊട്ടടുത്ത ദിവസം വാഹനാപകടത്തില്‍പ്പെട്ടു. ഏപ്രില്‍ പത്തിനു വീണ്ടും വീട്ടിലെത്തിയ ഉദ്യോഗസ്ഥര്‍ വീടും പരിസരവും പരിശോധിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചതായും പരാതിയിൽ പറയുന്നു.