എലിക്കുളം: മിന്നുകെട്ടിനു പിന്നാലെ ഗാനമേള വേദിയിലെത്തി മാന്ത്രിക ശബ്ദത്തിൽ പാടി വധുവും തബലയിൽ വിസ്മയം തീർത്ത് വരനും.
വിവാഹ വേഷത്തിൽ വധൂവരന്മാർ ഗാനമേളവേദിയിൽ പ്രത്യക്ഷപ്പെട്ടതു വിവാഹത്തിൽ പങ്കെടുക്കാനെത്തിയവർക്കു കൗതുകമായി.
കോട്ടയം ഇളങ്ങുളം സെന്റ് മേരീസ് പള്ളി യിൽ ഇക്കഴിഞ്ഞ ഒന്നാം ഓണ ദിനത്തിലായിരുന്നു ഇവരുടെ വിവാഹം. ഭരണങ്ങാനം കൊടിത്തോട്ടത്തിൽ ജോബിയുടേയും കണമല കുരികിലക്കാട്ടിൽ ആതിരയുടേയും വിവാഹ വേദിയായിലായിരുന്നു ഈ കൗതുകക്കാഴ്ച.
വിവാഹ സത്ക്കാരത്തോടനുബന്ധിച്ച് എലിക്കുളം പഞ്ചായത്തിലെ ഭിന്നശേഷി-വയോജന ഗാനമേളയും സംഘടിപ്പിച്ചിരുന്നു.
ഈ ഗാനമേള വേദിയിലേക്കായിരുന്നു പള്ളിയിലെ വിവാഹ കർമങ്ങൾക്കു ശേഷം വധൂവരന്മാരുടെ കടന്നു വരവ്. സ്കൂൾ അധ്യാപികയായ ആതിര ഒരു ഗായികയും കൂടിയാണ്.
ജോബിയാകട്ടെ തബല വിദഗ്ധനും. നിറക്കൂട്ട് എന്ന ചിത്രത്തിലെ പൂമാനമേ..ഒരു രാഗമേഘം താ… എന്ന ഗാനമാണ് ആതിര ആലപിച്ചത്. കൂട്ടായി തബലയിൽ വിസ്മയം തീർത്ത് ജോബിയും.