ടെന്നസി: നവവരന്റെ തലയിൽ തോക്ക് ചൂണ്ടി വധു കാഞ്ചിവലിച്ചു…ഭാഗ്യം പൊട്ടിയില്ല.! അമേരിക്കയിലെ ടെന്നസിയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വിവാഹിതയായി മണിക്കൂറുകൾക്കകമാണ് നവവധു “തനിനിറം’ പുറത്തെടുത്തത്. സംഭവത്തിൽ കെയ്റ്റ് എലിസബേത്ത് പ്രിചാർഡിനെ(25) വിവാഹ വേഷത്തിൽ തന്നെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
മർഫ്രീസ്ബോറോയിലെ മോട്ടലിന് മുന്നിൽ വച്ചായിരുന്നു നവവധുവിന്റെ വീരസാഹസം. മദ്യലഹരിയിൽ ഭർത്താവുമായി തർക്കിച്ച കെയ്റ്റ് ഒടുവിൽ തോക്കെടുക്കുകയായിരുന്നു. ഭർത്താവിന്റെ തലയിലേക്ക് പിസ്റ്റൾ ചൂണ്ടി കാഞ്ചി വലിച്ചെങ്കിലും തോക്കിനുള്ളിൽ തിര തീർന്നതിനാൽ പൊട്ടിയില്ല. എന്നാൽ ആകാശത്തേക്ക് വെടിവച്ച് ആളുകളെ ഭീതിപ്പെടുത്തിയ ശേഷമാണ് ഭർത്താവിന്റെ നേരെ തോക്ക് ചൂണ്ടിയതെന്ന് കെയ്റ്റ് പോലീസിന് മൊഴി നൽകി.
കെയ്റ്റിനെ അറസ്റ്റ് ചെയ്തെങ്കിലും 15,000 ഡോളർ കെട്ടിവച്ചതിനെ തുടർന്ന് വിട്ടയച്ചു. സംഭവശേഷം ആയുധം മോട്ടലിന്റെ ശുചിമുറിയിൽ ഒളിപ്പിക്കാനും കെയ്റ്റ് ശ്രമിച്ചുവെന്ന് പോലീസ് പറഞ്ഞു.