യുക്രൈനില്‍ നിന്ന് പുറത്തു വന്നു കൊണ്ടിരിക്കുന്നത് ഭീതികരമായ വിവരങ്ങളാണ്. ഇതിനിടയില്‍ അപൂര്‍വമായി മനസ്സിനു സന്തോഷം നല്‍കുന്ന ചില വാര്‍ത്തകളും പുറത്തു വരുന്നുണ്ട്.
അത്തരത്തില്‍ ഒന്നാണ് ഒഡേസയിലെ ഒരു ബങ്കറില്‍ ആള്‍ക്കൂട്ടവും ആഘോഷവുമില്ലാതെ നടന്ന ഒരു വിവാഹം.
ലെവറ്റ്സും നടാലിയയുമാണ് ബങ്കറിനുള്ളില്‍ നിന്നും പുതിയ ജീവിതത്തിലേക്ക് കാലെടുത്തുവെച്ചത്.
ഒഡേസയിലെ ബങ്കറിനുള്ളില്‍ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധായത്തിലായിരുന്നു വിവാഹം.
ചുറ്റുപാടും മിസൈലുകളുടെയും വെടിയൊച്ചകളുടെയും ശബ്ദങ്ങള്‍ മുഴങ്ങുമ്പോള്‍ പുത്തന്‍ പ്രതീക്ഷയോടെ വിവാഹ രജിസ്റ്ററില്‍ ഒപ്പുവെയ്ക്കുന്ന നവദമ്പതികളുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ്.
സാധാരണ വേഷത്തിലാണ് വിവാഹം നടന്നത്. ഇരുവരും പരസ്പരം ബ്രെഡ് കൈമാറുന്നതിന്റെ ദൃശ്യങ്ങളും പങ്കുവെച്ചിട്ടുണ്ട്.
റഷ്യന്‍ അധിനിവേശം ഒമ്പതാം ദിവസത്തിലേക്ക് കടക്കുമ്പോഴും ആക്രമണം ശക്തമായി തുടരുകയാണ്.
കഴിഞ്ഞ ദിവസം നടന്ന സമാധാന ചര്‍ച്ച പരാജയമായിരുന്നു. തുടര്‍ന്ന് ബെലാറസ്- പോളണ്ട് അതിര്‍ത്തി നഗരമായ ബ്രെസ്റ്റില്‍ വെച്ച് ഇന്നലെ രണ്ടാം ഘട്ട ചര്‍ച്ചയും നടന്നു.
ഉക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാരെ ഒഴിപ്പിക്കാനായി പ്രത്യേക മാനുഷിക ഇടനാഴി ഒരുക്കാന്‍ തീരുമാനമായി.
ചില മേഖലകളെ ‘യുദ്ധമില്ലാ മാനുഷിക ഇടനാഴി’കളാക്കി മാറ്റും. ഈ പ്രദേശത്ത് സൈനിക നടപടികള്‍ ഒഴിവാക്കുകയോ, നിര്‍ത്തി വയ്ക്കുകയോ ചെയ്യും.