കൊറോണക്കാലത്തെ വ്യത്യസ്തമായ വിവാഹങ്ങൾ സമൂഹമാധ്യമങ്ങളിലും മറ്റും ദിനംപ്രതിയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഇതാ ആ കൂട്ടത്തിലേക്ക് വ്യത്യസ്തമായ ഒരു വിവാഹം കൂടി.
മധുരയിൽ നിന്നുള്ള വധൂവരന്മാരാണ് വിവാഹ ക്ഷണക്കത്തിലെ വ്യത്യസ്തതകൊണ്ട് വൈറലായിരിക്കുന്നത്. വിവാഹസമ്മാനമായി പണം നൽകാൻ ആഗ്രഹിക്കുന്നവർക്കുള്ളതാണ് ഇവരുടെ കിടിലൻ ഐഡിയ.
ക്ഷണക്കത്തിലെ ക്യുആർകോഡ് സ്കാൻ ചെയ്ത് പണം നൽകാം. ഗൂഗിൾപേ, ഫോണ്‍പേ എന്നിവയുടെ ക്യുആർ കോഡാണ് ഇവർ ക്ഷണക്കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡിജിറ്റൽ വിവാഹങ്ങൾക്കിടയിൽ സമ്മാനവും ഡിജിറ്റലാക്കി.
സമ്മാനം കയ്യിൽ കരുതി ബുദ്ധിമുട്ടേണ്ട, കല്യാണത്തിന് എത്തിയില്ലെങ്കിലും സമ്മാനം നൽകാം എന്നീ സൗകര്യങ്ങൾക്കൂടിയുണ്ട് ഈ ഡിജിറ്റൽ സമ്മാനത്തിന്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിവാഹം. വിവാഹത്തിന് ക്ഷണിച്ചവരിൽ മുപ്പതോളം പേർ പുതിയ സൗകര്യം ഉപയോഗപ്പെടുത്തിയെന്നാണ് വധുവിന്റെ അമ്മ പറയുന്നത്.
ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ നിരവധി ഫോണ്‍ കോളുകളും അന്വേഷണങ്ങളും ഉണ്ടായതായി ഇവർ പറയുന്നു.