കാട്ടാക്കട : ഉത്സവ പൊലിമയ്ക്കിടെ കാട്ടാൽ ഭദ്രകാളി ക്ഷേത്രാങ്ക ണം ഇന്നലെ മിന്നുകെട്ടിനും വേദിയായി. പൊതുപ്രവർത്തകരെയും ജനപ്രതിനിധികളെയുമൊക്കെ സാക്ഷിയാക്കി നിർധന യുവതിക്ക് വിവാഹം ഒരുക്കിയത് ക്ഷേത്ര ഭരണസമിതിയാണ്. കട്ടയ്ക്കോട് പൂച്ചെടിവിള അർച്ചന ഭവനിൽ ബാബു രമണി ദന്പതികളുടെ മകൾ ഗ്രീഷ്മയാണ് സുമംഗലിയായത്. ഗ്രീഷമയ്ക്കു താലി ചാർത്തിയതു വിളപ്പിൽശാല പുരവൻക്കോട് ഷിബു ഭവനിൽ രവീന്ദ്രൻ സരസ്വതി ദന്പതികളുടെ മകൻ ഷിബു.
ഇരുവരുടെയും വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ചതാണു വിവാഹം. വിവാഹം നടത്താനുള്ള സാഹചര്യങ്ങൾ ഗ്രീഷ്മയുടെ കുടുംബത്തിനില്ലെന്നു മനസിലാക്കിയ കാട്ടാൽ ക്ഷേത്ര ഭരണസമിതിയാണ് ഉത്സവത്തിനൊപ്പം വിവാഹവും എന്ന ആശയം മുന്നോട്ടുവച്ചത്. വീട്ടുകാർ സമ്മതം പറഞ്ഞതോടെ പിന്നെ എല്ലാം വേഗത്തിലായി.
പൊന്നും പുടവയും സദ്യവട്ടങ്ങളുമൊക്കെ ക്ഷേത്ര ഭരണസമിതിയുടെയും ദിക്ക് കമ്മിറ്റികളുടെയും വക. വിവാഹത്തിനെത്തിയ വരന്റെയും വധുവിന്റെയും ബന്ധുക്കൾക്കുവേണ്ടി ക്ഷേത്രഹാളിൽ പ്രത്യേകം സദ്യ. അഞ്ചു പവനും കല്യാണ പുടവയും സദ്യയും ഉൾപ്പെടെ രണ്ടു ലക്ഷത്തോളം മുടക്കിയാണു ക്ഷേത്ര സമിതി ഗ്രീഷ്മയ്ക്കു മാംഗല്യമൊരുക്കിയത്.
ആർഎസ്എസ് ഗ്രാമ ജില്ല സംഘചാലക് അരവിന്ദാക്ഷൻ, ബിജെപി മണ്ഡലം പ്രസിഡന്റും ക്ഷേത്രസമിതി അധ്യക്ഷനുമായ സന്തോഷ്, രക്ഷാധികാരി സുരേഷ്, ബിജെപി നേതാക്കളായ കാട്ടാക്കട ശശി, രാധാകൃഷ്ണൻ, കാട്ടാക്കട ഹരി, രതീഷ്, സന്തോഷ് എന്നിവർ ചടങ്ങുകൾക്കു നേതൃത്വം നൽകി.
സിപിഎം ഏരിയ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷനുമായ ജി.സ്റ്റീഫൻ, ഡിസിസി ജനറൽ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ എം.ആർ.ബൈജു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.