ലക്നോ: ഭർത്താക്കന്മാരുടെ അമിത മദ്യപാനം മൂലം വീടുവിട്ടിറങ്ങിയ യുവതികൾ തമ്മിൽ കണ്ടുമുട്ടി, പിന്നാലെ വിവാഹിതരായി. ഉത്തർപ്രദേശിലെ ഗോരഖ്പുരിലെ ഡിയോറിയയിലാണ് വ്യത്യസ്തമായ കല്യാണം അരങ്ങേറിയത്. കവിതയും ബബ്ലു എന്ന ഗുഞ്ചയുമാണ് വ്യാഴാഴ്ച വൈകുന്നേരം ഡിയോറിയയിലെ ശിവക്ഷേത്രത്തിൽ വച്ച് വിവാഹിതരായത്.
ഇൻസ്റ്റാഗ്രാമിലൂടെയാണ് തങ്ങൾ പരിചയപ്പെട്ടതെന്നും സമാനമായ സാഹചര്യങ്ങളാണ് തങ്ങളെ അടുപ്പിച്ചതെന്നും അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ക്ഷേത്രത്തിൽ, ഗുഞ്ച വരന്റെ വേഷം ധരിച്ച്, കവിതയുടെ നെറ്റിയിൽ സിന്ദൂരം പുരട്ടി. ഇരുവരും പരസ്പരം മാലകൾ അണിയിക്കുകയും അഗ്നികുണ്ഡത്തിന് ചുറ്റും ഏഴുപ്രാവശ്യം വലംവയ്ക്കുകയും ചെയ്തു.
ഭർത്താക്കന്മാരുടെ മദ്യപാനവും മോശമായ പെരുമാറ്റവും ഞങ്ങളെ വേദനിപ്പിച്ചു. ഇതേതുടർന്നാണ് സമാധാനവും സ്നേഹവും നിറഞ്ഞ ജീവിതം തിരഞ്ഞെടുക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചത്. ദമ്പതികളായി ഗോരഖ്പൂരിൽ ജീവിക്കാനും ജോലി ചെയ്യാനും ഞങ്ങൾ തീരുമാനിച്ചുവെന്ന് ഗുഞ്ജ പറഞ്ഞു.