പാറശാല: സ്വകാര്യ വ്യക്തിയുടെ കല്യാണ മണ്ഡപത്തിൽ പ്രവേശിക്കുവാനുള്ള പാതയൊരുക്കാനായി റോഡിനു വശത്തെ നടപ്പാതയിലുള്ള സുരക്ഷാ ഇരുമ്പു വേലി മുറിച്ചുമാറ്റിയതായി ആരോപണം. പാറശാല ജംഗ്ഷനിലെ കാത്തിരിപ്പ് കേന്ദ്രത്തിനു സമീപം പ്രവർത്തിക്കുന്ന കല്യാണമണ്ഡത്തിലേക്കുള്ള വഴിക്കുവേണ്ടിയാണ് വേലി മുറിച്ചു മാറ്റിയത്.
മണ്ഡപത്തിന്റെ മുൻവശത്തെ റോഡിലൂടെ വാഹനങ്ങൾക്ക് അകത്തു പ്രവേശിക്കുവാൻ വഴിയുണ്ട് എന്നാൽ പാറശാല- വെള്ളറട പ്രധാന റോഡിൽ നിന്നും വാഹനം കയറ്റുവാൻ വേണ്ടിയാണു വേലി മുറിച്ചു മാറ്റിയതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. മുൻ എംഎൽഎ ആർ. സെൽവരാജിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും നാൽപ്പത്തിയഞ്ച് ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ചതാണ് സുരക്ഷാവേലിയും നടപ്പാതയും.
മൂന്നുമാസങ്ങൾക്കു മുൻപ് വേലിയുടെ അടി ഭാഗം കട്ടർ ഉപയോഗിച്ച് പകുതിയോളം മുറിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അപ്പോൾ തന്നെ നാട്ടുകാർ സമീപത്തെ പൊതുമരാമത്തു ഓഫീസിൽ പരാതി നൽകിയിരുന്നു. പൊതുമരാമത്തു ഓഫീസ് ഇതിന് സമീപമാണ് പ്രവർത്തിക്കുന്നത്.
ജീവനക്കാർ ഇത് വഴിയാണ് ഓഫീസിലേയ്ക്കു പോകുന്നതെങ്കിലും ആരും പരിഹാരത്തിന് ശ്രമിച്ചിട്ടില്ല. പൊതുമരാമത്തിലെ ജീവനക്കാരുടെ ഒത്താശയോടെയാണ് വേലി മുറിച്ചു മാറ്റിയതെന്ന് പരാതി നൽകിയവർ ആരോപിക്കുന്നു. മുറിച്ചു മാറ്റിയ വേലി എത്രയും വേഗം പുനഃസ്ഥാപിച്ച് നടപ്പാത സുരക്ഷിതമാക്കണമെന്നു പരാതി നൽകിയവരും, യാത്രക്കാരും ആവശ്യപ്പെടുന്നു.