പൊൻകുന്നം: ആത്മാവ് എന്ന വിശേഷിപ്പിക്കപ്പെടുന്ന ആൽമരവും മാവും വിവാഹിതരാകുന്ന പുത്തൻ മുഹൂർത്തത്തിനു വേദിയാവുകയാണ് ചിറക്കടവ് ഈസ്റ്റ് വെള്ളാള മഹാസമാജം എയ്ഡഡ് സ്കൂൾ അങ്കണം. ഏവരും ഉറ്റുനോക്കുന്ന വിവാഹം നാളെ ഉച്ചയ്ക്ക് 12.55നും 1.20നും ഇടയ്ക്കുള്ള മുഹൂർത്തത്തിലാണ് നടത്തുന്നത്.
മോറേസി വൃക്ഷ രാജകുടുംബത്തിലെ ഹൈക്കസ് റിലീജിയോസ് എന്ന ശാസ്ത്രനാമത്തിലും പീപ്പൽ എന്ന ഇംഗ്ലീഷ് പേരിലും അറിയപ്പെടുന്ന നാൽപ്പാമരത്തിലെ പുത്രനുമായ അരയാലും പഴവർഗങ്ങളിലെ രാജ്ഞിയും മാൻജിഹെറാ ഇൻഡിക്ക എന്ന സസ്യനാമത്തിലും മാംഗോ എന്ന ഇംഗ്ലീഷ് പേരിലുമുള്ള തേന്മാവും തമ്മിലാണ് വിവാഹം. നൂറു വർഷത്തിലേറെയായി ഇരുവരും ഒരേ ചുവട്ടിലാണ് വളർന്നുനിൽക്കുന്നത്.
സാധാരണ വിവാഹം പോലെയുള്ള എല്ലാ ചടങ്ങുകളും വൃക്ഷമാംഗല്യത്തിനും ഒരുക്കിയിട്ടുണ്ട്. നിറപറയെയും നിലവിളക്കിനെയും സാക്ഷിയാക്കി നാദസ്വരത്തിന്റെയും കൊട്ടിന്റെയും കുരവയുടെയും സാന്നിധ്യത്തിലാണ് ആലിന്റെയും മാവിന്റെയും താലികെട്ട്.
’ആത്മാവി’ന്റെ വിവാഹത്തിനായി പ്രത്യേക ക്ഷണക്കത്തും തയാറാക്കി നൽകിയിരുന്നു. എത്തുന്നവർക്കെല്ലാം വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിട്ടുണ്ട്. വിവാഹം നടക്കുന്ന സ്കൂൾ അങ്കണം കുരുത്തോലകളും മറ്റുമുപയോഗിച്ച് അലംകൃതമാക്കും. വനംവന്യജീവി ബോർഡംഗവും വനമിത്ര അവാർഡ് ജേതാവുമായ കെ. ബിനു ചടങ്ങിൽ വൃക്ഷായുർവേദത്തെക്കുറിച്ചു വിശദീകരിക്കും.
വൃക്ഷപരിസ്ഥിതി സംരക്ഷണസമിതി സംസ്ഥാന കോഓർഡിനേറ്റർ എസ്. ബിജു, സ്കൂൾ മാനേജർ എം.എൻ. രാജരത്നം, സെക്രട്ടറി കെ.ടി. ബാബു, ട്രഷറർ കെ.പി. ഭാസ്കരൻ പിള്ള, ഹെഡ്മാസ്റ്റർ എൻ.പി. ശ്രീകുമാർ, സ്കൂൾ വികസനസമിതി ചെയർമാൻ ടി.പി. രവീന്ദ്രൻ പിള്ള എന്നിവർ വിവാഹച്ചടങ്ങുകൾക്കു നേതൃത്വം നൽകും. വൃക്ഷമാംഗല്യം ചരിത്രസംഭവമാക്കാനുള്ള തയാറെടുപ്പിലാണ് പിടിഎയും വിദ്യാർഥികളും നാട്ടുകാരും പ്രകൃതിസ്നേഹികളും.