പൊൻകുന്നം: ആത്മാവ് എന്ന വിശേഷിപ്പിക്കപ്പെടുന്ന ആൽമരവും മാവും വിവാഹിതരായ ചരിത്ര മുഹൂർത്തത്തിനു ചിറക്കടവ് ഈസ്റ്റ് വെള്ളാള മഹാസമാജം യുപി സ്കൂൾ അങ്കണം വേദിയായി. ഏവരും ആകാംഷയോടെ കാത്തിരുന്ന പ്രതീകാന്മക വിവാഹം ഇന്നലെ ഉച്ചയ്ക്ക് 12.55നും 1.20നും ഇടയ്ക്കുള്ള ശുഭമുഹൂർത്തത്തിലാണ് നടന്നത്. 100 വർഷത്തിലേറെയായി ആലും മാവും ഒരേ ചുവട്ടിലാണ് വളർന്നുനിൽക്കുന്നത്.
സാധാരണ വിവാഹം പോലെയുള്ള എല്ലാ ചടങ്ങുകളും വൃക്ഷമാംഗല്യത്തിനും ഒരുക്കിയിരുന്നു. ‘ആത്മാവി’ന്റെ വിവാഹത്തിനായി പ്രത്യേക ക്ഷണക്കത്തും തയാറാക്കി നൽകിയിരുന്നു. എത്തിയവർക്കെല്ലാം വിഭവസമൃദ്ധമായ സദ്യയും നൽകി. വിവാഹത്തിന് ടി.പി. മോഹനൻ പിള്ള മുഖ്യ കാർമികത്വം വഹിച്ചു. സ്കൂൾ മാനേജർ എം.എൻ. രാജരത്നം അരയാലിനു വേണ്ടി തേന്മാവിൽ മഞ്ഞൾച്ചരടിൽ കൊരുത്ത താലി ചാർത്തി. വിവാഹ രജിസ്ട്രേഷനും നടന്നു.
വനം വന്യജീവി ബോർഡംഗവും വനമിത്ര അവാർഡ് ജേതാവുമായ കെ. ബിനു, വൃക്ഷപരിസ്ഥിതി സംരക്ഷണസമിതി സംസ്ഥാന കോർഡിനേറ്റർ എസ്. ബിജു, സെക്രട്ടറി കെ.ടി. ബാബു, ട്രഷറർ കെ.പി. ഭാസ്കരൻ പിള്ള, ഹെഡ്മാസ്റ്റർ എൻ.പി. ശ്രീകുമാർ, സ്കൂൾ വികസനസമിതി ചെയർമാൻ ടി.പി. രവീന്ദ്രൻ പിള്ള എന്നിവർ വിവാഹച്ചടങ്ങുകൾക്കു നേതൃത്വം നൽകി. ജനപ്രതിനിധികളും പിടിഎ അംഗങ്ങളും വിദ്യാർഥികളും നാട്ടുകാരും പ്രകൃതിസ്നേഹികളും നിരവധി വിദേശികളും ചടങ്ങിൽ പങ്കെടുത്തു.