തൃശൂർ: കാരുണ്യപ്രവർത്തനത്തിനു സംഭാവന നൽകി ലളിതമായ ചടങ്ങുകളോടെ മന്ത്രിപുത്രന്റെ വിവാഹം. മന്ത്രി പ്രഫ. സി. രവീന്ദ്രനാഥിന്റെ മകൻ ജയകൃഷ്ണന്റെയും കോതമംഗലം തൃക്കാരിയൂർ ചിറളാടുകര വല്ലൂർ വീട്ടിൽ എ.ആർ. രാജുവിന്റെ മകൾ രേഷ്മയുടെയും വിവാഹമാണ് ആർഭാടങ്ങൾ ഒഴിവാക്കി നടന്നത്.
പ്രത്യേകിച്ചുള്ള ഒരുക്കങ്ങളോ ആഘോഷങ്ങളോ ഇല്ലാതെ പരന്പരാഗത ചടങ്ങുകൾ ഒഴിവാക്കിയാണു വിവാഹം നടന്നത്. ഇന്നലെ രാവിലെ പെരുന്പാവൂരിലെ തങ്കമാളിക ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം. തുടർന്നു വൈകീട്ട് 5.30നായിരുന്നു തൃശൂരിലെ വീട്ടിലെ വിവാഹച്ചടങ്ങുകൾ. കേരളവർമ കോളേജിനടുത്തുള്ള മന്ത്രിയുടെ വസതിയിൽ ചടങ്ങുകൾക്കെത്തിയ നൂറിൽ താഴെയുള്ളവർക്കു ചായയും വടയും കദളിപ്പഴവും നൽകി.
സിപിഎം നേതാക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ വീടിന്റെ വരാന്തയിൽ നടന്ന ചടങ്ങിൽ പുതുക്കാട് സുസ്ഥിര പാലിയേറ്റീവ് കെയർ സൊസൈറ്റിക്കുള്ള 50,000 രൂപയുടെ ധനസഹായവും നവദന്പതികൾ കൈമാറി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബി ജോണ്, ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണൻ, എംപിമാരായ സി.എൻ. ജയദേവൻ, പി.കെ. ബിജു, മേയർ അജിത ജയരാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ വിജയകുമാർ, തേറന്പിൽ രാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.