ചാലക്കുടി: വിവാഹദിവസം ബ്യൂട്ടിപാർലറിൽനിന്ന് വധു മുങ്ങി. ചൗക്ക സ്വദേശിനിയായ വധുവിനെ വിവാഹദിവസമായ ഇന്നലെ രാവിലെ മേക്കപ്പ് ചെയ്യാൻ ചാലക്കുടിയിലുള്ള ബ്യൂട്ടിപാർലറിലേക്ക് രാവിലെ ബന്ധുക്കൾ കൊണ്ടുവിട്ടതായിരുന്നു. മേക്കപ്പ് തീരാൻ സമയമെടുക്കുമെന്നതിനാൽ യുവതിയെ ബ്യൂട്ടിപാർലറിലാക്കി ബന്ധുക്കൾ വീട്ടിലേക്കു മടങ്ങി. കൂടെയാരും നിന്നില്ല.
പീച്ചിയിൽ നടക്കുന്ന വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി വധുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമടക്കമുള്ളവർ ചൗക്കയിലെ വീട്ടിലെത്തിയിരുന്നു. പീച്ചിയിലേക്കു പോകാനായി വാഹനങ്ങളുമെത്തി. ബ്യൂട്ടിപാർലറിൽനിന്ന് വീട്ടിലേക്കു തിരിച്ചുകൊണ്ടുവരാൻ ബന്ധുക്കൾ പോയപ്പോഴാണ് വധുവിനെ കാണാ തായതായി അറിയുന്നത്.
പെണ്‍കുട്ടിയെ കാണാതായതിനെത്തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി. പോലീസ് യുവതിയെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഈ വിവാഹം ഇഷ്ടമില്ലാത്തതിനാൽ താൻ കോ ട്ടയത്തേക്കു പോരുകയായിരുന്നെന്നും സ്റ്റേഷനിൽ ഹാജരാകാമെന്നുമായിരുന്നു മറുപടി.