തിരുവനന്തപുരം: കാമുകനൊപ്പം വിവാഹിതയാകാൻ ക്ഷേത്രത്തിലെത്തിയ യുവതിയെ പോലീസുകാർ ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ട് പോയതായി ആരോപണം. മജിസ്ട്രേറ്റിന്റെ മുമ്പിൽ ഹാജരാക്കിയ യുവതിയെ പിന്നീട് യുവാവിനൊപ്പം വിട്ടയച്ചു.
കോവളം കെഎസ് റോഡിലെ മലവിള പനമൂട്ടിൽ ശ്രീ മാടൻ തമ്പൂരാൻ ക്ഷേത്രത്തിൽ ഇന്ന് വൈകിട്ടാണ് നാടകീയ സംഭവങ്ങളുണ്ടായത്.
കായംകുളം സ്വദേശിനിയായ അൽഫിയ എന്ന യുവതി കോവളം കെഎസ് റോഡ് സ്വദേശി അഖിലുമായി പ്രണയത്തിലായിരുന്നു. അഖിലിനൊപ്പം ജീവിക്കാനായി ആൽഫിയ ഈ ആഴ്ചയാണ് കോവളത്ത് എത്തിയത്.
വെള്ളിയാഴ്ച വൈകിട്ട് ഇരുവരുടെയും വീട്ടുകാർ കോവളം പൊലീസ് സ്റ്റേഷനിൽ ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ മധ്യസ്ഥ ചർച്ച നടത്തിയിരുന്നു. തുടർന്ന് യുവതിയെ അവരുടെ ഇഷ്ടപ്രകാരം കാമുകനൊപ്പം പോകാൻ അനുവദിച്ചിരുന്നു.
എന്നാൽ വിവാഹത്തിനായി ക്ഷേത്രത്തിൽ എത്തിയ വേളയിൽ, പോലീസ് സംഘം യുവതിയെ ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ട് പോയി.
കാമുകനൊപ്പം പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും യുവതിയെ പോലീസ് സംഘം കായംകുളത്തേക്ക് കൊണ്ട് പോകുകയായിരുന്നു. തുടർന്നാണ് മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയത്.