രാമങ്കരി: വെളിയനാട് പഞ്ചായത്ത് കുന്നംങ്കരിയിൽ വീട് കയറി ആക്രമിച്ച് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ് വിവാഹം നടത്തിയ സംഭവത്തിൽ നാലു യുവാക്കൾ രാമങ്കരി പോലീസിന്റെ പിടിയിലായി.
പുളിങ്കുന്ന് കണ്ണാടി തൈപ്പറന്പ് ഉണ്ണിക്കുട്ടൻ(40), കണ്ണാടി മുല്ലയ്ക്കൽ വിട്ടിൽ അനന്തൻ(20), കണ്ണാടി തൈപ്പറന്പ് ബിനുമോൻ(37), വെളിയനാട് കന്നിട്ടയിൽ അഖിൽ(21) എന്നിവരാണ് പോലീസ് പിടിയിലായത്. ഇന്നലെ രാവിലെ പത്തരയോടെ ആയിരുന്നു സംഭവം.
ഇതുമായി ബന്ധപ്പെട്ട് ഏതാനുംപേർ കൂടി പിടിയിലാകാനുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പെണ്‍കുട്ടിയെ വീട്ടിലെത്തി ബലമായി കൊണ്ടുപോകുന്നതിനിടെ ഇവർ ബന്ധുക്കളുമായി ഏറ്റുമുട്ടലിനു തുനിഞ്ഞതോടെ സംഭവം വഷളാകുകയായിരുന്നു. ബന്ധുക്കൾ ഉടനെ തന്നെ രാമങ്കരി പോലീസിൽ വിവരം അറിയിക്കുകയും തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ പിടിയിലാകുകയായിരുന്നു.