തിരുവനന്തപുരം: നഗരസഭയുടെ വിവാഹങ്ങൾ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള ഓണ്‍ലൈൻ കിയോക്സ് നഗരസഭാ മേയർ വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഇന്ന് വിവാഹിതരായ വി.എസ്.വിനോദ്കുമാർ – ജി.ശ്രീജ, നന്ദു.ജി.എച്ച് – രാധിക രാമചന്ദ്രൻ എന്നീ നവദന്പതികൾ മേയറിൽ നിന്ന് വിവാഹ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
നഗരപരിധിയിലെ മണ്ഡപങ്ങൾ, ആരാധനാലയങ്ങൾ നഗരസഭയുടെ ആശുപത്രി കിയോസ്ക് പരിപാലിക്കുന്ന കുടുംബശ്രീ യൂണിറ്റ് എന്നിവയുമായി ചേർന്നാണ് നഗരസഭ വിവാഹ രജിസ്ട്രേഷൻ കിയോസ്ക് ആരംഭിച്ചിട്ടുള്ളത്.
ഇതിലൂടെ നഗരസഭാ അതിർത്തിക്കുള്ളിൽ നടക്കുന്ന വിവാഹങ്ങൾ അതാതു ദിവസം തന്നെ രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് നൽകും. വിവാഹം നടക്കുന്ന സ്ഥാപനങ്ങൾ ഇതിനായി നഗരസഭയിൽ രജിസ്റ്റർ ചെയ്യണം. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ അധ്യക്ഷത വഹിച്ചു. ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ശ്രീകുമാർ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ആർ.സതീഷ്കുമാർ, ആർ.ഗീതാഗോപാൽ, എസ്.സഫീറാബീഗം, എസ്.ഉണ്ണികൃഷ്ണൻ, സിമി ജ്യോതിഷ, നഗരസഭാ സെക്രട്ടറി എൽ.എസ്.ദീപ, ഹെൽത്ത് സൂപ്പർവൈസർ പി.ധർമ്മപാലൻ, സബ് രജിസ്ട്രാർ പത്മകുമാർ എന്നിവർ പ്രസംഗിച്ചു.