മലപ്പുറം: ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരുടെ വിവാഹ ജീവിതം എന്ന സ്വപ്നം സാക്ഷാത്കരിക്കൽ പൊരുത്തം 2019ന് സംസ്ഥാനതല ഭിന്നശേഷി വിവാഹ കൂടിക്കാഴ്ച സംഗമം തിരൂരിൽ നടക്കും. എബിലിറ്റി ഫൗണ്ടേഷൻ ഫോർ ദി ഡിസേബിൾഡിന്റെയും കേരള മാര്യേജ് ഡോട്ട് കോമിന്റെയും ആഭിമുഖ്യത്തിൽ 14, 15 തിയതികളിൽ തിരൂർ എംഇഎസ് സെൻട്രൽ സ്ക്കൂളിലാണ് സംഗമം സംഘടിപ്പിച്ചിരിക്കുന്നത്.
എല്ലാ വിഭാഗം ഭിന്നശേഷി വിഭാഗങ്ങളുടെയും സർവോൻമുഖമായ പുരോഗതി ലക്ഷ്യമാക്കി അവർക്ക് അവസര സമത്വം നൽകി മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ പുളിക്കൽ എബിലിറ്റി കാന്പസിൽ നടന്നുവരുന്ന വിവിധ വിദ്യാഭ്യാസ തൊഴിൽ നൈപുണ്യ വികസന പദ്ധതികളുടെ ഭാഗമായാണ് എബിലിറ്റി ഈ സംരംഭം സംഘടിപ്പിക്കുന്നത്.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളിൽ ഉൾപ്പെട്ട 3000 ത്തോളം പേർ വിവാഹന്വേഷണ സംഗമത്തിൽ പങ്കെടുക്കും.
സൗകര്യത്തിനായി ആദ്യദിനത്തിൽ 14 ന് മുസ്ലിം വിവാഹ കൂടിയാലോചനയും 15ന് ഹിന്ദു, ക്രിസ്ത്യൻ വിഭാഗങ്ങളിൽ പെട്ടവർക്കായും നിജപ്പെടുത്തിയിട്ടുണ്ട്. രാവിലെ ഒന്‍പതു മുതൽ വൈകുന്നേരം അഞ്ചുവരെയാണ് പരിപാടി. മുൻകൂട്ടി ഓണ്‍ലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കണം.
കഴിഞ്ഞവർഷം കോഴിക്കോട്ടായിരുന്നു സംഗമം. ചടങ്ങിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, ഇ ടി.മുഹമ്മദ് ബഷീർ എംപി, സി.മമ്മുട്ടി എംഎൽഎ, വി.അബ്ദുറഹിമാൻ എംഎൽഎ, നഗരസഭാ ചെയർമാൻ കെ.ബാവ തുടങ്ങിയവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ സംഘാടകരായ കൈനിക്കര ഷാഫി ഹാജി, മുസ്തഫ മാണാക്കുത്ത്, പി.പി.അബ്ദുറഹിമാൻ, മുജീബ്. താനാളൂർ, സി.പി. ഷബീറലി എന്നിവർ പങ്കെടുത്തു. വിവരങ്ങൾക്കു 9947837878.