ചെറായി: ഫ്രഞ്ചുകാരിയായ മദാമ്മയ്ക്ക് മൂന്ന് വർഷം മുന്‍പ് മലയാളിയുവാവിനോട് തോന്നിയ ഇഷ്ടം വിവാഹത്തിൽ കലാശിച്ചു. ചാത്തങ്ങാട് ബീച്ചിൽ ഹോം സ്റ്റേ നടത്തുന്ന ഓളിപ്പറന്പിൽ സനുവിന്റെയും ഷിനിയുടെയും മകൻ അരുണാണ് ഫ്രഞ്ചുകാരിയായ സാറ(20)യെ ജീവിതസഖിയാക്കിയത്. ഇന്നലെ പറവൂർ പല്ലംതുരുത്തിലെ ക്ഷേത്രത്തിലായിരുന്നു ഇവരുടെ വിവാഹം. സൈക്കോളജി വിദ്യാർഥിനിയായ സാറ മൂന്നു വർഷം മുന്‍പ് അമ്മ വലേറിയക്കൊപ്പം ചെറായി ബീച്ചിൽ വന്നപ്പോഴായിരുന്നു അരുണിനെ പരിചയപ്പെട്ടത്.
അരുണ്‍ അന്ന് ഫ്രീലാന്റ്സ് ഗൈഡായിരുന്നു. പിന്നീട് എല്ലാവർഷവും സാറയും കുടുംബവും ബീച്ചിൽ എത്താൻ തുടങ്ങി. ഇതോടൊപ്പം ഇവരുടെ പ്രണയവും വളർന്നു. ഒടുവിൽ ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. ഫ്രാൻസിൽ വച്ച് വിവാഹം നടത്താനായിരുന്നു ആദ്യം തീരുമാനിച്ചത്.
എന്നാൽ അരുണിനു അങ്ങോട്ടേക്ക് പോകാനുള്ള യാത്രാ അനുമതികൾ സംബന്ധിച്ച ചില കടലാസുകൾ ശരിയാകാതെ വന്നപ്പോൾ സാറ കേരളത്തിലേക്ക് വരികയായിരുന്നു. അരുണിന്റെ വീട്ടുകാരും കുറച്ച് ബന്ധുക്കളും സുഹൃത്തുക്കളും മാത്രമെ വിവാഹത്തിൽ സംബന്ധിച്ചുള്ളൂ. ആറുമാസം കേരളത്തിൽ ചെലവഴിച്ചശേഷം അരുണും സാറയും ഫ്രാൻസിലേക്ക് പോകും.