ബെജിംഗ്: സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ചൈനയിലെ ഒരു വിവാഹച്ചടങ്ങിന്റെ വീഡിയോ ലോകമെമ്പാടും വലിയ ജനരോഷമാണ് ഉയർത്തിയിരിക്കുന്നത്.
ആചാരത്തിന്റെ ഭാഗമായി വധുവിനെ തൂണിൽ കെട്ടിയിടുന്ന ദൃശ്യങ്ങളാണു വീഡിയോയിലുള്ളത്. ഒരു കൂട്ടം പുരുഷന്മാർ ചേർന്ന് വധുവിന്റെ മുഖത്ത് തുണി ഇട്ടശേഷം ടേപ്പ് ഉപയോഗിച്ച് കാലുകള്‍ നിലത്തു മുട്ടാത്തരീതിയിലാണു തൂണിൽ കെട്ടുന്നത്. സഹായത്തിനായി വധു നിലവിളിക്കുന്നുണ്ടെങ്കിലും ആരും അവളെ രക്ഷിക്കാൻ തയാറാകാതെ നിസംഗരായി നിൽക്കുന്നതും വീഡിയോയിലുണ്ട്.
വധുവിനെ കെട്ടിയിടുന്ന പുരുഷന്മാർ വരന്റെ ബാല്യകാല സുഹൃത്തുക്കളാണെന്നു സൗത്ത് ചൈന മോർണിംഗ് പോസ്റ്റിലെ റിപ്പോര്‍ട്ടിൽ പറയുന്നു.
ശുഭദിനത്തിൽ ചിരിക്കുന്നതു തിന്മയെ അകറ്റുമെന്ന വിശ്വാസത്തിൽ, വിവാഹദിനത്തിൽ നവദമ്പതികളെ സന്തോഷിപ്പിക്കാൻ ചില ചടങ്ങുകൾ പരന്പരാഗതമായി നടത്താറുണ്ടായിരുന്നു.
പിന്നീടിതു വരനുമായി ബന്ധപ്പെട്ടവർ അനുചിതമായ തമാശകളിലൂടെ വധുവിനെ റാഗ് ചെയ്യാനുള്ള അവസരമാക്കി മാറ്റി. അതിന്റെ ഭാഗമായിട്ടായിരുന്നു തൂണിൽ കെട്ടിയിട്ടത്.
സംഭവം വിവാദമായതോടെ വരന്റെ സമ്മതത്തോടെ നടത്തിയ തമാശ പരിപാടിയായിരുന്നു ഇതെന്നു പറഞ്ഞ് അതിൽ ഉൾപ്പെട്ടവർ മാപ്പ് പറഞ്ഞു. കാലഹരണപ്പെട്ട ആചാരങ്ങൾ ഉപേക്ഷിക്കേണ്ട കാലം കഴിഞ്ഞുവെന്ന രീതിയിലായിരുന്നു വീഡിയോയ്ക്ക് താഴെവന്ന കമന്റുകൾ.