ഡൊമനിക് ജോസഫ്
മാന്നാർ: കതിർമണ്ഡപത്തിൽ നിന്നും വധൂവരൻമാർ നേരെ പോയത് കൃഷിയിടത്തിലേക്ക്. പരുമലയിൽ തുടങ്ങുന്ന വിഷരഹിത ജൈവപച്ചക്കറി കൃഷിയുടെ ഉദ്ഘാടനത്തിനായിട്ടാണ് നവദന്പതികൾ പോയത്. ഡിവൈഎഫ്ഐ മേഖലാ വൈസ്പ്രസിഡന്റ് ശ്രീജിത്തും പരുമല സ്വദേശിനി അൻസുവുമാണ് വിവാഹത്തിന് ശേഷം സദ്യ കഴിഞ്ഞ് പരുമല ഉപദേശിക്കടവിലെ ഒരേക്കർ സ്ഥലത്ത് തുടങ്ങുന്ന ജൈവപച്ചക്കറി കൃഷിയുടെ ഉദ്ഘാടന വേദിയിലെത്തിയത്.
വിവാഹവേഷത്തിൽ അലങ്കരിച്ച കാറിൽ വധൂവരൻമാർ പച്ചക്കറി കൃഷി സ്ഥലത്തേക്ക് എത്തിയത് സമീപവാസികളിൽ കൗതുകമുണർത്തി. ഇരുവരും ചേർന്ന് പച്ചക്കറി തൈകൾ നട്ട് കൃഷിയിറക്കൽ ഉദ്ഘാടനം ചെയ്ത ശേഷമാണ് ഭവനത്തിലേക്ക് പോയത്. യുവാക്കളിൽ കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരുവരെയും കൊണ്ട് ഉദ്ഘാടനം ചെയ്യിച്ചത്.
ഡിവൈഎഫ്ഐ പരുമല മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് കൃഷി നടത്തുന്നത്. പരുമല നിവാസികൾക്ക് ആവശ്യമായ എല്ലാത്തരം പച്ചക്കറികളും ഇവിടെ തന്നെ ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വ്യാപകമയി കൃഷിയിറക്കുന്നത്. ഇത് കൂടാതെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ എല്ലാ വീടുകളിലും പച്ചക്കറി തൈകൾ വിതരണം ചെയ്യുകയും ഈ തൈകൾ തൊഴിലുറപ്പുകാർ വീടുകളിൽ എത്തി കൃഷി ചെയ്ത് നൽകുകയും ചെയ്യും.
പിന്നീട് ഇത് പരിപാലിക്കുവാനും ഇവർ മാസത്തിൽ ഒരിക്കൽ എത്തും.ഇത്തരത്തിൽ പരുമലയെ സന്പൂർണ വിഷരഹിത പച്ചക്കറി ഗ്രാമമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. ഇതിനോടനുബന്ധിച്ച് ചേർന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബു വർഗീസ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് ഋഷി കുമാർ അധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്തംഗങ്ങളായ മേരിക്കുട്ടി ജോണ്സണ്,വിജയലക്ഷ്മി, ഒ.സി.രാജു,അനൂപ്കുമാർ,സോജിത്ത് സോമൻ,ദിൽദീപ് ചന്ദ്രൻ,രജ്ഞിത്ത് രാജൻ എന്നിവർ പ്രസംഗിച്ചു.