വടക്കഞ്ചേരി: ശോഭാ ലിമിറ്റഡിന്റെ സാമൂഹ്യസേവന വിഭാഗമായ ശ്രീകുറുംബ എഡ്യുക്കേഷനൽ ആൻഡ് ചാരിറ്റബ്ൾ ട്രസ്റ്റിന്റെ ഈവർഷത്തെ ഒന്നാംഘട്ട സ്ത്രീധനരഹിത സമൂഹവിവാഹം മൂലങ്കോട് ശ്രീകുറുംബ കല്യാണമണ്ഡപത്തിൽ നടന്നു. ഇരുപതു യുവതികളാണ് വെള്ളിയാഴ്ച സുമംഗലികളായത്.
ശോഭാ ലിമിറ്റഡ് ചെയർമാൻ എമിരിറ്റ്സും ട്രസ്റ്റിന്റെ മുഖ്യരക്ഷാധികാരിയുമായ പി.എൻ.സി. മേനോനും പത്നി ശോഭ മേനോനും വധുവരൻമാരെ ആശീർവദിച്ചു. ഇതോടെ 2003 മുതൽ ട്രസ്റ്റ് നടത്തിവരുന്ന സമൂഹവിവാഹങ്ങളിലൂടെ വിവാഹിതരായ യുവതികളുടെ എണ്ണം 590 ആയി.
ട്രസ്റ്റ് ദത്തെടുത്തിട്ടുള്ള വടക്കഞ്ചേരി, കിഴക്കഞ്ചേരി പഞ്ചായത്തുകളിലെ 2500-ലേറെ വരുന്ന ബിപിഎൽ കുടുംബങ്ങളിൽ നിന്നാണ് ഓരോ സമൂഹവിവാഹത്തിനും യുവതികളെ തെരഞ്ഞെടുക്കുന്നത്. ഓരോ യുവതിക്കും നാലരപവൻ സ്വർണാഭരണങ്ങൾ, വസ്ത്രങ്ങൾ, പാത്രങ്ങൾ എന്നിവയും ട്രസ്റ്റ് നല്കി.
അതത് വധൂവരൻമാരുടെ വിശ്വാസമനുസരിച്ചുള്ള ചടങ്ങുകളാണ് ഒരുക്കിയിരുന്നത്. കൂടാതെ വിവാഹസദ്യയും ഒരുക്കിയിരുന്നു. വിവാഹത്തിനുമുന്‍പ് യുവതികൾക്കും അവരുടെ മാതാപിതാക്കൾക്കും ആരോഗ്യം, ശുചിത്വം, പെരുമാറ്റം എന്നിവയ്ക്ക് ഉൗന്നൽ നല്‍കികൊണ്ടുള്ള കൗണ്‍സലിംഗും ട്രസ്റ്റ് ഒരുക്കുന്നു.
വിവാഹശേഷം ഇവരുടെ മുന്നോട്ടുള്ള ജീവിതവും ഇടവേളകളിൽ ട്രസ്റ്റ് നിരീക്ഷിക്കുകയും അവർക്ക് ആവശ്യമുള്ള സഹായങ്ങൾ നല്‍കുകയും ചെയ്യുന്നു.
പിഎൻസി. മേനോന്റെ മകനും ശോഭ ലിമിറ്റഡ് ചെയർമാനുമായ രവി മേനോൻ, മുൻ മന്ത്രിമാരായ കെ.ഇ.ഇസ്മയിൽ, വി.സി.കബീർ, അനിൽ അക്കര എംഎൽഎ, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ, കിഴക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കവിതാ മാധവൻ, വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അനിത പോൾസണ്‍, കണ്ണന്പ്ര പഞ്ചായത്ത് പ്രസിഡന്റ് രജിമോൻ, ഒൗഷധി ചെയർമാൻ കെ.ആർ. വിശ്വംഭരൻ തുടങ്ങി രാഷ്ട്രീയ, സാമൂഹിക, സാംസ്കാരികരംഗത്തെ പ്രമുഖർ പങ്കെടുത്തു.