ചേർത്തല: കോളജ് വിദ്യാർഥികൾ ഒത്തൊരുമിച്ചു. രണ്ടു നിർധന യുവതികൾ സുമംഗലികളായി. ചേർത്തല സെന്റ് മൈക്കിൾസ് കോളജിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ’മംഗല്യനിധി’ പദ്ധതിപ്രകാരമാണ് വിവാഹം നടത്തിയത്. സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിലുള്ള സെന്റ് മൈക്കിൾസ് കോളജ് മാതൃകാപരവും വ്യത്യസ്തമായതുമായ ഒട്ടനവധി പ്രവർത്തനങ്ങൾ നടത്തിവരികയാണ്.
എൻഎസ്എസ് വോളന്റിയർമാർ കോളജിൽ നടത്തിയ ബിരിയാണി മേള, സമ്മാന കൂപ്പൺ, കൂടാതെ സുമനസുകളിൽനിന്നും മംഗല്യനിധി സംഭാവന കൂപ്പൺ വഴിയും സമാഹരിച്ച തുക ഉപയോഗിച്ചാണ് രണ്ടു യുവതികൾക്ക് മംഗല്യഭാഗ്യം ഒരുക്കിയത്.
ആലപ്പുഴ വഴിച്ചേരി വാർഡിലെ വിജയന്റെ മകൾ ജോമോൾ, കാട്ടൂർ ചെറിയപൊഴി പരേതനായ ജോൺ കുട്ടിയുടെ മകൾ ജ്യോതി എന്നിവരുടെ വിവാഹമാണ് വിദ്യാർഥികൾ ഒരുമിച്ചതോടെ ഗംഭീരമായി നടത്തിയത്. ആലപ്പുഴ കത്തീഡ്രലിൽവച്ചും ഓമനപ്പുഴ സെന്റഅ സേവിയേഴ്സ് പള്ളിയിലുംവച്ചാണ് വിവാഹങ്ങൾ നടത്തപ്പെട്ടത്.
വധുവിന് അണിയുന്നതിന് പത്തു പവൻ സ്വർണാഭരണങ്ങളും വിവാഹ സൽക്കാര ചിലവുകളും ഉൾപ്പെടെ സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളുടെയും പിന്തുണയോടെയാണ് വിവാഹം മംഗളമായി കഴിഞ്ഞത്. വോളന്റിയർ സെക്രട്ടറിമാരായ നിതിൻ തോമസ്, അരുൺകുമാർ, സുദേവ്, ശ്രുതിലക്ഷ്മി, അനീഷ് കുമാർ എന്നിവരുടെ മാസങ്ങൾ നീണ്ട പരിശ്രമത്തിന്റെ ഫലം കൂടിയാണിത്.
കോളജ് മാനേജർ ഫാ. സോളമൻ ചെരങ്ങാട്ട്, പ്രിൻസിപ്പൽ ഡോ. വി. മാത്യു, ആലപ്പുഴ രൂപത സൊസൈറ്റി ഡയറക്ടർ റെവ. ഫാ. സേവ്യർ കുടിയാംശേരിൽ, പ്രോഗ്രാം ഓഫീസർമാരായ പ്രഫ. പി. പ്രതീഷ്, പ്രഫ. ജോസഫ് ലിബിൻ, ഡോ. ടെനി ഡേവിഡ് എന്നിവരും രാഷ്ട്രീയ പ്രതിനിധി എസ്. ശരത്തും ചടങ്ങുകളിൽ പങ്കെടുത്തു.