ആലത്തൂർ: വിവാഹ വാഗ്ദാനം നൽകി തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി കവർച്ച ചെയ്യുന്ന സംഘത്തിലെ 4 പേരെ ആലത്തൂർ പോലീസ് അറസ്റ്റ് ചെയ്തു.
കഞ്ചിക്കോട് സ്വദേശി ബിമൽ എന്ന ബീനീഷ്കുമാർ (44) തിരുപ്പൂർ സ്വദേശികളായ വിഘ്നേഷ് (23) മണികണ്ഠൻ (25) പ്രകാശൻ (40) എന്നിവരെയാണ് ആലത്തൂർ പോലീസ് തിരുപ്പൂരിൽ നിന്ന് പിടികൂടിയത്.
ഏപ്രിൽ ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിവാഹ പരസ്യം പത്രത്തിൽ കൊടുത്ത ചിറ്റിലഞ്ചേരി കടന്പിടി നൊച്ചിക്കാട്ടിൽ രാമകൃഷ്ണൻ, സുഹൃത്ത് പ്രവീണ്‍ എന്നിവരെ വധുവിന്റെ വീട്ടുകാരെന്ന പേരിൽ ഫോണ്‍ ചെയ്ത് തിരുപ്പൂരിലേക്ക് പെണ്ണ് കാണാനെന്ന പേരിൽ വിളിച്ചു വരുത്തിയായിരുന്നു കവർച്ച.
ഒരു വീട്ടിൽ കൊണ്ടുപോയി കത്തികാട്ടി ഭീഷണിപ്പെടുത്തി രാമകൃഷ്ണന്റെ കഴുത്തിലെ 5 പവൻ മാല, കയ്യിലെ ഒരു പവൻ മോതിരം, പ്രവീണിന്റെ കയ്യിലെ ഒരു പവൻ മോതിരം എന്നിവയും ഇവരുടെ എടിഎം കാർഡ് ഉപയോഗിച്ച് 40,000 രൂപ എന്നിവ കവർച്ച ചെയ്തു വെന്നതാണ് കേസ്.